മൊബൈലിൽ തെറി വിളിച്ചു; വീട്ടിലെത്തി കുത്തിക്കൊന്നു; കൂസലില്ലാതെ പ്രതികൾ

ജോജി മത്തായി കൊല്ലപ്പെട്ട കേസിൽ പിടിയിലായ മിഥുൻ, അതുൽ, ശരത്.

മുളന്തുരുത്തിയിൽ യുവാവു കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നിൽ യുവാക്കളുടെ ലഹരി ഉപയോഗത്തെ തുടർന്നുള്ള തർക്കമെന്നു പൊലീസ്. കേസിൽ പ്രതികളായ നാലംഗ സംഘവും കൊല്ലപ്പെട്ട പെരുമ്പിള്ളി ഈച്ചിരവേലിൽ ജോജി മത്തായിയും(22) സൃഹൃത്തുക്കളാണ്. ഒന്നിച്ച് കഞ്ചാവ് ഉപയോഗിക്കുന്നവരാണിവർ. പക്ഷെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഇവർ നൽകിയ മറുപടി പൊലീസിനെയും ഞെട്ടിച്ചു. ജോജി തെറിവിളിച്ചത്രെ, അതും മൊബൈൽ ഫോണിൽ.

ഇതിനു നേരിട്ടു മറുപടി നൽകാമെന്നു പറഞ്ഞെത്തിയതാണ് കൊലയാളി സംഘം. വീട്ടിലെത്തിയപ്പോഴും അസഭ്യം തുടർന്നതോടെ പ്രകോപിതരായ സംഘം കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. നെഞ്ചിലും കഴുത്തിനുമേറ്റ ഗുരുതര മുറിവാണ് ജോജിയുടെ മരണത്തിനിടയാക്കിയത്. അക്രമം തടയാനെത്തിയ പിതാവിനും കുത്തേറ്റു. തിങ്കളാഴ്ച വൈകിട്ടു നാലേമുക്കാലോടെയായിരുന്നു സംഭവം. 

സംഭവത്തിൽ ഇടപെടാനോ ജോജിയെ രക്ഷപെടുത്താനോ നാട്ടുകാർ മുതിർന്നില്ല. ഒടുവിൽ മുളന്തുരുത്തി പൊലീസെത്തി ആംബുലൻസ് വരുത്തിയാണ് ഇരുവരെയും കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. പ്രതികൾ സഞ്ചരിച്ച ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്താൻ ഉപയോഗിച്ച കത്തിയും ബൈക്കും ഉപേക്ഷിച്ചാണ് അക്രമികൾ രക്ഷപ്പെട്ടത്. ഇവരിൽ ഒരാൾ മറ്റൊരു കൊലപാതക കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

പ്രതികളെ അർധരാത്രിയോടെ വടവുകോടുള്ള ഒരു സ്കൂളിനു സമീപത്തുനിന്ന് ഇൻസ്പെക്ടർ മുഹമ്മദ് നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം  പിടികൂടുകയായിരുന്നു. ഒരാൾ ഓടി രക്ഷപെട്ടു. ഉദയംപേരൂർ പണ്ടാരപാട്ടത്തിൽ ശരത് ചന്ദ്രശേഖരൻ(27), മുളന്തുരുത്തി കോലഞ്ചേരിക്കടവ് ഇടപ്പാറമറ്റത്തിൽ അതുൽ സുധാകരൻ(23), നോർത്ത് പറവൂർ തട്ടകത്ത്താണിപ്പാടം മിഥുൻ പുരുഷൻ(25) എന്നിവരാണു പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന എരൂർ പാമ്പാടിത്താഴം വിഷ്ണുവാണ്(27) രക്ഷപ്പെട്ടത്.

അറസ്റ്റു ചെയ്തു സ്റ്റേഷനിൽ എത്തിച്ചിട്ടും ഒരു കൂസലും ഇല്ലാതെയായിരുന്നു പൊലീസിനോടും സ്റ്റേഷനിൽ എത്തുന്നവരോടും പ്രതികളുടെ പെരുമാറ്റം. ഫോട്ടോ എടുക്കാൻ എത്തിയ മാധ്യമപ്രവർത്തകരോട് ഇവർ ആദ്യം തട്ടിക്കയറി. ചോദിച്ചിട്ടു വേണം ഫോട്ടോ എടുക്കാൻ എന്നു പറഞ്ഞു പിന്നീട്  ഫോട്ടോയ്ക്കു പോസു ചെയ്തു നൽകുകയായിരുന്നു. മരിക്കുന്നതിനു മുൻപ് ആക്രമിച്ചവരുടെ പേരുകൾ ജോജി പൊലീസിനോടു പറഞ്ഞിരുന്നു. 5 പേരുടെ വിവരം പറഞ്ഞെങ്കിലും അന്വേഷണത്തിൽ 4 പേരാണു കൃത്യത്തിനു പിന്നിലെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.

പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ലഹരി വിൽപന ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രക്ഷപ്പെട്ട വിഷ്ണുവിനായി അന്വേഷണം ഊർജിതമാക്കി.