ഉദ്യോഗസ്ഥരുടെ വിശ്വസ്തൻ; വാളയാറിലെ കൈക്കൂലി ഏജന്റിന് പിടിവീണു

വാളയാർ ആർ ടി ഒ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഏജന്റിന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തോളം കണക്കിൽപ്പെടാത്ത പണം പിടികൂടി. നിരവധി ആർ.സി ബുക്കുകൾ ഏഴ് മൊബൈൽ ഫോണുകൾ വിവിധ മുദ്രപത്രങ്ങൾ എന്നിവയും നാലര ലീറ്റർ വിദേശ മദ്യവും പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തി. യാക്കര സ്വദേശിയായ ജയപ്രകാശ് പത്ത് വർഷത്തിലധികമായി വാളയാറിലെ ഉദ്യോഗസ്ഥരുടെ വിശ്വസ്തനായി പ്രവർത്തിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ പതിനഞ്ചിന് വാളയാർ ആർ ടി ഒ ചെക് പോസ്റ്റിൽ നിന്ന് മരുന്നെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗസ്ഥർ ലോറി ഡ്രൈവറുടെ കൈയ്യിൽ അരലക്ഷം രൂപ കൊടുത്തുവിട്ടിരുന്നു. ചന്ദ്രനഗറിൽ കാത്തു നിൽക്കുന്നയാളിന് കൈമാറാനായിരുന്നു നിർദേശം. പൊലീസ് വാഹനം കണ്ട് തെറ്റിദ്ധരിച്ച് ഡ്രൈവർ പൊലീസിന് കവർ കൈമാറി. വിളിച്ച നമ്പർ പിന്തുടർന്നുള്ള അന്വേഷണമാണ് ജയപ്രകാശിലേക്കെത്തിയത്. പിന്നാലെ കോടതി ഉത്തരവ് സമ്പാദിച്ച് സൗത്ത് പൊലീസ് വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. ഒരു ലക്ഷത്തോടടുത്ത് പണം കണ്ടെത്തി. ഏഴ് മൊബൈൽ ഫോണുകളിൽ ഒരെണ്ണം എ.എം.വി.ഐയുടേതെന്നാണ് ജയപ്രകാശിന്റെ മൊഴി. പത്തിലധികം ആർ.സി ബുക്കുകൾ, ഏഴ് സിം കാർഡുകൾ എന്നിവയ്ക്കൊപ്പം നിരവധി ആർ.ടി.ഒ ഓഫിസ് രേഖകളും കണ്ടെത്തി. നാലര ലീറ്റർ വിദേശ മദ്യവും പിടികൂടി. വാളയാറിൽ പിരിക്കുന്ന പണം ജയപ്രകാശാണ് ഉദ്യോഗസ്ഥർക്ക് വീതം വച്ചിരുന്നത്. പണത്തിനൊപ്പം ചിലർക്ക് മദ്യവും നൽകിയിരുന്നുവെന്നാണ് മൊഴി. പത്ത് വർഷത്തിലധികമായി ജയപ്രകാശ് ഉദ്ദ്യോഗസ്ഥരുടെ വിശ്വസ്തനാണ്. കോവിഡ് കാലത്ത് നിരവധി ലോറി ഡ്രൈവർമാരാണ് ജയപ്രകാശിന്റെ കൈയ്യിൽ പണമെത്തിച്ചിരുന്നത്. ഒരു തവണ പിരിച്ചെടുത്ത പണവുമായി ജയപ്രകാശിനെ പൊലീസ് പിടികൂടുകയും ചെയ്തു. ഫോൺ വിളി രേഖകൾ പിന്തുടർന്ന് ഇയാളുമായി ബന്ധമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.