വീട്ടമ്മയുടെ കാൽതൊട്ട് വന്ദിച്ച് മോഷണം; കള്ളന്‍മാരിലൊരാൾ പിടിയില്‍

പത്തനംതിട്ട പന്തളത്ത് മോഷണ ശേഷം ഗൃഹനാഥയുടെ കാല്‍ തൊട്ട് വന്ദിക്കുകയും ആയിരം രൂപ മടക്കി നല്‍കുകയും ചെയ്ത കള്ളന്‍മാരില്‍ ഒരാള്‍ പിടിയില്‍. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുന്‍പ് ഡിവൈഎഫ്ഐ പുറത്താക്കിയ റാഷിക്കിൻറെ അറസ്റ്റ് പൊലീസ് രണ്ടു ദിവസം രഹസ്യമാക്കിവെച്ചു. 

പന്തളം കടയ്ക്കാട് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു കവര്‍ച്ച. ക്ഷേത്രത്തിലെ സദ്യയുടെ ആവശ്യത്തിന് വാഴയിലെ ആവശ്യപ്പെട്ട് എത്തിയ സംഘം ശാന്തമ്മയെ കെട്ടിയിട്ടാണ് മോഷണം നടത്തിയത്. മൂന്നു പവന്‍ സ്വര്‍ണവും എണ്ണായിരം രൂപയും നഷ്ടമായി. കള്ളന്‍മാര്‍ വയോധികയെ മര്‍ദിച്ചില്ലെന്ന് മാത്രമല്ല മോഷണ ശേഷം കാല്‍ തൊട്ട് വന്ദിച്ചു.

കൈവശം മറ്റ് പണമൊന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ആയിരം രൂപ മടക്കി നല്‍കുകയും ചെയ്തു. അയലത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതികളെ തിരിച്ചറിഞ്ഞു. നാട്ടുകാരനായ റാഷിക്കിനെ പിടികൂടി. ഇയാള്‍ റിമാന്‍ഡിലാണ്. കൂട്ടുപ്രതിയെയും തൊണ്ടിമുതലും കണ്ടെത്താനായിട്ടില്ല. ഇതിന് കാരണം രാഷ്ട്രീയ ഇടപെടലാണെന്ന് ആക്ഷേപമുണ്ട്. ഡിവൈഎഫ്ഐയുടെ ഉളമയില്‍ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു റാഷിഖ്. അതിഥിത്തൊഴിലാളിയുടെ പണം മോഷ്ട്ടിച്ച കേസില്‍ ഉള്‍പ്പടെ അറസ്റ്റിലായതിനെ തുടര്‍ന്ന് രണ്ടു മാസം മുന്‍പ് സംഘടനയില്‍ നിന്നു പുറത്താക്കിയിരുന്നു.