എൻജിനീയർ ജോലി ഉപേക്ഷിച്ച് കഞ്ചാവ് വിൽപന; കാമുകനും യുവതിയും പിടിയിൽ

ബെംഗളൂരുവില്‍ എൻജിനീയർ ജോലി ഉപേക്ഷിച്ച് കാമുകനുമായി ചേർന്ന് കഞ്ചാവ് വിൽപനയ്ക്കിറങ്ങിയ യുവതിയും കൂട്ടാളിയും പിടിയിൽ. ആന്ധ്ര ശ്രീകാകുളം സ്വദേശി ആർ.രേണുകയും   സുഹൃത്തും മാനേജ്മെന്റ് വിദ്യാർഥിയും ബീഹാർ സ്വദേശിയുമായ സുധാൻഷു സിങുമാണ് അറസ്റ്റിലായത്. രേണുകയുടെ കാമുകൻ സിദ്ധാർഥിന് വേണ്ടിയാണ് ഇവർ കഞ്ചാവ് വിൽക്കാനെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ആവശ്യക്കാർക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്. രേണുകയുടെ ബാഗിൽ നിന്ന് രണ്ടരകിലോ കഞ്ചാവും 6500 രൂപയും കണ്ടെടുത്തു. ചെന്നൈയിൽ എൻജിനീയറിങിന് പഠിക്കുമ്പോഴാണ് സഹപാഠിയായ സിദ്ധാർഥുമായി രേണുക പ്രണയത്തിലാകുന്നത്. പഠനശേഷം രേണുക സ്വകാര്യ കമ്പനിയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. സിദ്ധാർഥ് ലഹരിവിൽപനയിലേക്ക് വഴിമാറി. 

ആഡംബര ജീവിതത്തിനായി കൂടുതൽ പണം നേടുന്നതിനാണ് രേണുക ജോലി രാജിവച്ച് ലഹരിവിൽപനയിലേക്ക് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വിൽപനയിൽ സഹായിക്കാൻ വേണ്ടി സിദ്ധാർഥ് തന്നെയാണ് സുധാൻഷുവിനെ രേണുകയ്ക്ക് പരിചയപ്പെടുത്തിയത്. സിദ്ധാർഥിനെയും കൂട്ടാളിയായ ഗോപാലിനെയും പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി സദാശിവനഗർ പോലീസ് പറഞ്ഞു