അടച്ചിട്ട സ്കൂളിൽ സുഖമായി കിടന്നുറങ്ങി പ്രതികൾ; തട്ടിവിളിച്ചത് പൊലീസ്; പിന്നീട്..?

ഓട്ടോഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളെ പെരുമ്പഴുതൂർ ഗവ. സ്കൂൾ വളപ്പിൽ നിന്നു നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് കാണുന്നതു ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളിൽ പ്രതികൾ സ്കൂളിൽ സുഖമായി ഉറങ്ങിക്കിടക്കുന്നതാണ്. പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. അറസ്റ്റ് ചെയ്യുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു. പെരുമ്പഴുതൂർ കീളിയോട് കുഴിവിള വീട്ടിൽ സുധി സുരേഷ് (20), പെരുമ്പഴുതൂർ അയണിയറത്തല കിഴക്കിൻകര വീട്ടിൽ ശോഭാലാൽ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പിന്നീട് ജാമ്യത്തിൽ വിട്ടു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ശോഭാലാലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് ഓട്ടോ ഡ്രൈവറായ കീളിയോട് വട്ടവിള പുത്തൻവീട്ടിൽ വിനോദിനെ, സുധി സുരേഷും കീളിയോട് കുഴിവിള വീട്ടിൽ അരുൺ ബാബുവും ചേർന്ന് ആക്രമിച്ചിരുന്നു. വിനോദിന്റെ ഓട്ടോറിക്ഷയിൽ ഇരുന്ന് ബീഡി വലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം.

അരുൺബാബു ആയിരുന്നു ഒന്നാം പ്രതി. ഇയാളെ നേരത്തെ  അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. നിധി സുരേഷ് ഒളിവിൽ പോയി. ഇയാൾ ഒളിവിൽ കഴിയുന്നത് സ്കൂളിലാണെന്ന് അറിഞ്ഞ പൊലീസ് അവിടെ എത്തിയപ്പോൾ കാണുന്നത് നിലത്ത് 3 പേർ ഉറങ്ങിക്കിടക്കുന്നതാണ്. അന്വേഷിച്ചു വന്ന പ്രതിയെ പിടികൂടുന്നതിനിടെ കൂട്ടത്തിലൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാളുടെ പേരിൽ കേസുകൾ ഇല്ല.