ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ ഇന്ന് കൊച്ചിയിലെത്തിക്കും

പുനലൂർ പാസഞ്ചറിൽ യുവതി കവർച്ചയ്ക്കും അക്രമത്തിനും ഇരയായ കേസില്‍ പിടിയിലായ പ്രതിയെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. നൂറനാട് സ്വദേശി ബാബുക്കുട്ടനെ, പത്തനംതിട്ട ചിറ്റാർ പൊലീസാണ് അറസ്റ്റുചെയ്തത്. പ്രതിയെ റയില്‍വെ പൊലീസിനു കൈമാറി.   

ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തി കാരിക്കോട് സ്വദേശിനി കവർച്ചയ്ക്കും ആക്രമണത്തിനു ഇരയായി ആറാം നാളിലാണ് പ്രതിയുടെ അറസ്റ്റ്. നൂറനാട് സ്വദേശി ബാബുക്കുട്ടൻ ചിറ്റാർ ഇൗട്ടിച്ചുവടിൽ ഒളിവിൽ കഴിയുകയായിരുന്നു. ബസിൽ വന്നിറങ്ങിയ  യുവാവിനെ കണ്ട, നാട്ടുകാരിൽ ചിലർക്ക് സംശയം ഉയർന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. റയിൽവേ പൊലീസിന്റ ലുക്ക് ഒൗട്ട് നോട്ടീസ് സംബന്ധിച്ച മാധ്യമ വാർത്തയും ചിത്രങ്ങളുമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. വർഷങ്ങൾക്ക് മുൻപ് ബാബുക്കുട്ടന്റെ കുടുംബം ചിറ്റാറിൽ താമസിച്ചിരുന്നു. കുട്ടിയായിരുന്ന കാലത്തെ സ്ഥല പരിചയമാണ് ഒളിവിൽ പാർക്കാൻ ചിറ്റാർ തിരഞ്ഞെടുക്കാനുളള കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.പ്രതിയെ റെയിൽവേ പൊലീസിനു കൈമാറി. വനിതാ കംമ്പാർട്ടുമെന്റിൽ, തനിച്ച് യാത്ര ചെയ്യവേയാണ് ബാബുക്കുട്ടൻ യുവതിയെ ആക്രമിച്ചത്.