കള്ളന്‍ തകര്‍ത്തത് വിഷ്ണുവിന്‍റെ ജീവിതം; തട്ടിയെടുത്ത ബാഗിലെ സര്‍ട്ടിഫിക്കറ്റ് തരാമോ?; അപേക്ഷ

ഗൂഡല്ലൂര്‍ സ്വദേശിയാണ് വിഷ്ണുപ്രസാദ്. ഇരുപത്തിയേഴു വയസ്. ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദം. മുംബൈയിലും ബെംഗളൂരുവിലും കൊച്ചിയിലും നക്ഷത്ര ഹോട്ടലുകളില്‍ ജോലി പരിചയം. കപ്പലില്‍ ലോകമൊട്ടുക്കും യാത്ര ചെയ്യാനുള്ള അനുമതി. ഏഴു വര്‍ഷം നീണ്ട ജോലിയ്ക്കു ശേഷം നല്ല ശമ്പളമുളള ജോലി കിട്ടി. ജര്‍മന്‍ ആഡംബര കപ്പലില്‍. അടുത്ത മാസം ജോയിന്‍ ചെയ്യണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അയച്ചു. ജോലിയ്ക്കു തിരഞ്ഞെടുത്തതായി അറിയിപ്പും വന്നു. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാനായി കൊണ്ടുപോകണം. ജര്‍മന്‍ കമ്പനിയില്‍ നിന്ന് വിളി വന്നാല്‍ ഉടനെ എത്തണം. നിലവില്‍, തൃശൂര്‍ പറവട്ടാനിയിലെ ഒരു ഹോട്ടലിലാണ് ജോലി. അങ്ങനെ, ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുമായി കൊച്ചിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. കാത്തിരിപ്പുമുറിയില്‍ ഇരുന്നു. രണ്ടു മിനിറ്റു നേരം കണ്ണടഞ്ഞു.

മടിയിലിരുന്ന ബാഗ് എവിടെ?

കണ്ണു തുറന്നപ്പോള്‍ മടിയിലിരുന്ന ബാഗ് കാണാനില്ല. കാത്തിരിപ്പുമുറിയുടെ പുറത്തേയ്ക്കു കടന്നു. തൊട്ടടുത്തു തന്നെയാണ് റയില്‍വേ പൊലീസിന്‍റെ ഓഫിസ്. ബാഗ് തട്ടിയെടുത്ത വിവരം പറഞ്ഞു. ഉടനെ, സ്റ്റേഷന്‍ പരിസരമെല്ലാം തിരയാന്‍ പറഞ്ഞു. എന്നിട്ടുമതി, കേസെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ബാഗില്‍ ഇതുവരെ പഠിച്ചുണ്ടാക്കിയതിന്‍റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍. പിന്നെ, പഴയൊരു ഫോണ്‍. കുറച്ചു വസ്ത്രങ്ങള്‍. തലയാകെ മരവിച്ച അവസ്ഥയില്‍ വിഷ്ണു അന്ന് രാവും പകലും റയില്‍വേ സ്റ്റേഷനില്‍തന്നെ കഴിഞ്ഞു. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പൊന്തക്കാടുകളില്‍ തിരഞ്ഞു. കുറേ ബാഗുകള്‍ കണ്ടു. പക്ഷേ, അതിലൊന്നും വിഷ്ണുവിന്‍റെ ബാഗില്ലായിരുന്നു. 

സിസിടിവി കാമറയില്ല

കാത്തിരിപ്പുമുറിയില്‍ വിഷ്ണു ഇരുന്നിരുന്ന ഭാഗത്ത് സിസിടിവി കാമറയില്ല. ആരാണ്, ബാഗ് തട്ടിയെടുത്ത കള്ളനെന്ന് അറിയുകയുമില്ല. റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പക്ഷേ, ബാഗ് കണ്ടെത്താനായില്ല. ഒരാഴ്ച കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റുകളുടേയും പാസ്പോര്‍ട്ടിന്‍റേയും ഒറിജിനലുകള്‍ സംഘടിപ്പിക്കാന്‍ നാളേറെയെടുക്കും. ജര്‍മന്‍ കപ്പലിലെ ജോലി പോകും. ജ്യേഷ്ഠനും അനിയനും അടങ്ങുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു വിഷ്ണു. പ്രതിമാസം 85,000 രൂപ ശമ്പളമുള്ള ജോലി വിഷ്ണുവിന്‍റെ കുടുംബത്തിന് ഏറെ ആശ്വാസമാകുമായിരുന്നു. ഇവരുടെ കുടുംബത്തിന്‍റെ എല്ലാ സ്വപ്നങ്ങളും കള്ളന്‍ തട്ടിയെടുത്ത ആ ബാഗിലായിരുന്നു. ഫോണും വസ്ത്രങ്ങളുമെടുത്ത ശേഷം ആ ബാഗ് തിരിച്ചു തരാമോയെന്ന് യാചിക്കുകയാണ് വിഷ്ണു. 

ട്രെയിന്‍ യാത്രക്കാരുടെ സഹായം

ഉപേക്ഷിക്കപ്പെട്ട ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടാല്‍ ട്രെയിന്‍ യാത്രക്കാര്‍ തൃശൂര്‍ റയില്‍വേ പൊലീസിനെ അറിയിക്കണമെന്നാണ് വിഷ്ണുവിന്‍റെ അഭ്യര്‍ഥന. ആ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സാധാരണ ഹോട്ടലിലെ സപ്ലൈയര്‍ ആയി ജോലി ചെയ്യേണ്ടി വരും. ട്രെയിന്‍ യാത്രയില്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുപോകാറില്ല. ജര്‍മന്‍ കപ്പല്‍ കമ്പനി ഒറിജിനല്‍ കാണണമെന്ന് ആവശ്യപ്പെട്ടതിനാല്‍ കൊണ്ടുപോയതാണ്. കളളന് ആ ബാഗില്‍ നിന്ന് കിട്ടിയത് പഴകിയ ഒരു ഫോണ്‍ മാത്രമാണ്. പക്ഷേ, വിഷ്ണുവിന് നഷ്ടപ്പെട്ടത് ജീവിതവും.