മംഗള എക്സ്പ്രസില്‍ യാത്രക്കാരിയെ കൊള്ളയടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

മ‍ഡ്ഗാവില്‍ ട്രെയിനില്‍ യാത്രക്കാരിയെ കൊള്ളയടിച്ച കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി നിഖില്‍ കുമാറിനെയാണ് കാര്‍വാറില്‍ നിന്ന് ആര്‍.പി.എഫ്. പിടികൂടിയത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

എറണാകുളത്തുനിന്ന് നിസാമുദിനിലേക്കുള്ള മംഗള എക്സ്പ്രസിലാണ് മോഷണം അരങ്ങേറിയത്. ഉഡുപ്പിയില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന യാത്രക്കാരിയുടെ സ്വര്‍ണവള, താലിമാല, മൊബൈല്‍ഫോണ്‍, ആറായിരം രൂപയടങ്ങിയ പഴ്സുമടക്കം രണ്ടുലക്ഷത്തോളം രൂപ മൂല്യമുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. ആധാര്‍ കാര്‍ഡ്, എ.ടി.എം. കാര്‍ഡ്, മെഡിക്ലെയിം കാര്‍ഡ് എന്നിവയും ബാഗിലുണ്ടായിരുന്നു.

ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാരി ടിടിഇയെ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് മഡ്ഗാവ് റയില്‍വേ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ ഫോട്ടോയടക്കം വിവിധ റയില്‍വേ സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിനുകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ നേത്രാവതി എക്സ്പ്രസില്‍ കാര്‍വാറില്‍നിന്ന് ആര്‍.പി.എഫ്. അറസ്റ്റ്  ചെയ്യുന്നത്. 

മൊബൈല്‍ഫോണും പണവുമൊഴികെ മോഷ്ടിച്ച സാധനങ്ങള്‍ നിഖിലില്‍നിന്ന് കണ്ടെടുത്തു. മംഗള എക്സ്പ്രസില്‍ കവര്‍ച്ച നടത്തി മഡ്ഗാവില്‍ ഇറങ്ങി നേത്രാവതി എക്സ്്പ്രസില്‍ നാട്ടിലേക്ക് മടങ്ങവേയാണ് നിഖില്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കൂടെയുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയെപ്പറ്റി വിവരം ലഭിച്ചത്. വരുംദിവസങ്ങളില്‍ ഇയാള്‍ക്കായി തിരച്ചില്‍ തുടരും.