തിരുവനന്തപുരത്ത് 140 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ വന്‍കഞ്ചാവ് വേട്ട. ആളൊഴിഞ്ഞ പുരയിടത്തില്‍ പൈപ്പിനുള്ള ഒളിപ്പിച്ച നിലയില്‍ നൂറ്റിനാല്‍പ്പത് കിലോ കഞ്ചാവ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. തമിഴ്നാട്ടുകാരന്‍ ഉള്‍പ്പടെ മൂന്നുപേർ പിടിയിലായി. 

തമിഴ്നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരത്തും സമീപ ജില്ലകളിലും കഞ്ചാവ് മൊത്തവില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. കോയമ്പത്തൂര്‍ മധുര നഗര്‍ സ്വദേശി മുക്താര്‍ (21), സായിബാബ കോവില്‍ കെ.കെ. നഗറില്‍ ബാബു (29), കായംകുളം എരുവായില്‍ ശ്രീക്കുട്ടന്‍ (28) എന്നിവരെയാണ് ജില്ലാ ലഹരിമരുന്ന് വിരുദ്ധസേനയുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തത്. പൂന്തിറോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ പൈപ്പുകള്‍ക്കുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

സമീപകാലത്ത് പിടികൂടിയ ലഹരിമരുന്ന് കേസുകളുടെ തുടരന്വേഷണത്തില്‍ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഈ സംഘത്തെ പിടികൂടിയത്. ആന്ധ്ര , തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറി ഉള്‍പ്പടെയുള്ള ചരക്കുലോറികളിലാണ് ലഹരിമരുന്ന് കടത്ത്. ഈ സംഘത്തിന്റെ മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടതല്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.