വളര്‍ത്തു കുതിര ചത്തു; വേണ്ടത്ര ചികില്‍സ കിട്ടിയില്ലെന്ന് പരാതി

അസുഖം ബാധിച്ച വളര്‍ത്തു കുതിര വേണ്ടത്ര ചികില്‍സ കിട്ടാതെ ചത്തതായി ഉടമയുടെ പരാതി.  തൃശൂര്‍ മണ്ണുത്തിയിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി. ക്ഷീണിതയായ കുതിരയ്ക്കു ചികില്‍സയ്ക്കായി ഒട്ടേറെ തവണ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍മാരെ ബന്ധപ്പെട്ടതായി കുതിരയുടെ ഉടമ പറയുന്നു. പക്ഷേ, ചികില്‍സ നല്‍കാന്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ തയാറായില്ല. പീ.ജി വിദ്യാര്‍ഥികളാണ് ചികില്‍സയ്ക്ക് എത്തിയത്. 

ചികില്‍സ കിട്ടാതെ തളര്‍ന്ന കുതിര പിന്നീട് ചത്തു. പരിശീലനത്തിനു നല്‍കാനായി ഗുജറാത്തില്‍ നിന്ന് കുതിരയെ വാങ്ങിയത് ഒന്നര വര്‍ഷം മുമ്പായിരുന്നു. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചികില്‍സ കിട്ടിയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഉടമ പരാതി നല്‍കി.  ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഉടമയുടെ ആവശ്യം. കുതിര സവാരി പരിശീലിപ്പിച്ചായിരുന്നു ഉപജീവനം. കുതിര ചത്തതോടെ ഉപജീവനവും മുടങ്ങി.