ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ടു പേർ തൃശൂർ മതിലകത്ത് അറസ്റ്റിൽ. നമ്പർ പ്ലേറ്റില്ലാതെ ബൈക്ക് ഉപയോഗിക്കുന്നതായി പൊലീസിന് കിട്ടിയ വിവരമാണ് വഴിത്തിരിവായത്.

തൃശൂർ ഏങ്ങണ്ടിയൂർ ഷാപ്പുംപടി സ്വദേശി തെക്കൻ തറവാട്ടിൽ വിഷ്ണു, അരിമ്പൂർ എറവ് ആറാംകല്ല് സ്വദേശി പെരുമാടൻ വീട്ടിൽ റിക്സൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 22 ന് പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി കറപ്പം വീട്ടിൽ മുഹമ്മദ് ഫാറൂഖിന്റെ ഡ്യൂക്ക് ബൈക്ക് മോഷണം പോയിരുന്നു. ഉടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്.  ഇവരെ കണ്ടെത്തി അന്വേഷണം നടത്തിയതിൽ മോഷണം പോയ ബൈക്കാണെന്ന് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് മോഷണം നടത്തിയത് വിഷ്ണുവാണെന്ന് സമ്മതിച്ചു. 

മോഷ്ടിച്ച ബൈക്കാണെന്ന് അറിഞ്ഞു കൊണ്ട് വിഷ്ണുവിൽ നിന്ന് ബൈക്ക് വാങ്ങിയത് റിക്സൺ ആണ്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഡ്യൂക്ക് ബൈക്ക് 35,000 രൂപക്കാണ് റിക്സൺ വാങ്ങിയത്. വിഷ്ണു ബി.ബി.എ വിദ്യാർത്ഥിയാണ്. റിക്സൺ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഈ കേസിൽ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന വിഷ്ണുവിന്റെ സുഹൃത്തായ മറ്റൊരു പ്രതി കച്ചവടത്തിനിടെ ബൈക്ക് ഇരിക്കുന്ന സ്ഥലം കണ്ടെത്തി, ലൊക്കേഷൻ അയച്ച് കൊടുത്ത് രാത്രി വന്ന് മോഷ്ടിക്കുകയായിരുന്നു.