ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്നത് പതിവാകുന്നു; പ്രതിയെ പിടികൂടാനായില്ല

കൊല്ലം അഞ്ചലില്‍ വീണ്ടും ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്നത് പതിവാകുമ്പോഴും പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞദിവസവും ഇത്തരത്തില്‍ തട്ടിപ്പ് നടന്നു.  ലോട്ടറി അടിച്ചെന്ന് പറ‍ഞ്ഞ് വിശ്വസിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റും കവരുകയായിരുന്നു. ഒരാഴ്ച്ച മുന്‍പ് നടന്ന തട്ടിപ്പിലെ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഏറം സ്വദേശി മീരാന്‍ സാഹിബാണ് കബളിപ്പിക്കപ്പെട്ടത്. അ‍ഞ്ചല്‍ ചിരട്ടക്കോണം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു തട്ടിപ്പ്.  അയ്യായിരം രൂപ സമ്മാനാര്‍ഹമായ ടിക്കറ്റ് കൈവശം ഉണ്ടെന്ന് സഹയാത്രികന്‍ അവകാശപ്പെട്ടു. അത്രയും പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഉള്ളത് മതിയെന്നും ബാക്കിക്ക് ലോട്ടറി ടിക്കറ്റ് നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സമ്മാനാര്‍ഹമായ ലോട്ടറി മാറി പണം വാങ്ങാനായി വില്‍പന കേന്ദ്രത്തിലെത്തിയപ്പോഴാണ് കബളിക്കപ്പെട്ടന്ന് മനസിലായത്. അക്കങ്ങള്‍ വെട്ടി ഒട്ടിച്ചിരിക്കുകയായിരുന്നു.

ഒരാഴ്ച്ച മുന്‍പും അ‍ഞ്ചലില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. രണ്ടു കേസുകളിലു അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.