വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് പുലിയുടെ പല്ലുകൾ; കസ്റ്റംസ് പിടിച്ചെടുത്തു

ചെന്നൈ വിമാനത്താവളത്തിലൂടെ പുലിയുടെ പല്ല് കടത്താന്‍ ശ്രമം. ദുബൈയില്‍ നിന്നെത്തിയ  എമിറേറ്റ് വിമാനത്തിന്റെ സീറ്റിനടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നു പല്ലുകളും ചാരമെന്നു തോന്നിക്കുന്ന പൊടികളും കണ്ടെത്തിയത്. അതേ സമയം ലോക്ക് ഡൗണ്‍ കാലത്ത് മാത്രം വിമനത്താവളം വഴി കടത്താന്‍ ശ്രമിച്ച 83 കിലോ സ്വര്‍ണം പിടികൂടി.

ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ സ്വര്‍ണവും വന്യജീവികളുടെ അവശിഷ്ടങ്ങളും കടത്തുന്നതായി കസ്റ്റംസിനു മുന്‍കൂട്ടി വിവരം കിട്ടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ മുഴുവന്‍ അരിച്ചുപൊറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് വിമാനത്തില്‍ നടത്തിയ തിരച്ചിലില്‍ സീറ്റുകള്‍ക്കടിയില്‍  ഒളിപ്പിച്ച നിലയില്‍ ചെറിയ പൊതികള്‍ കണ്ടെടുത്തു. മൂന്നുപല്ലുകളും ചാരമെന്നു തോന്നിക്കുന്ന പൊടിയും കണ്ടെത്തി. പരിശോധനയില്‍ പുലി , കടുവ,പുള്ളിപുലി തുടങ്ങിയയുടെ കുടുംബത്തില്‍പെടുന്ന മൃഗത്തിന്റേതാണെന്നു ഇവയെന്നു സ്ഥിരീകരിച്ചു. ആഭരണങ്ങളില്‍ പുലിയുടെയും കടുവയുടെയും പല്ലുകള്‍  പതിപ്പിക്കുന്നതു പതിവുണ്ടെന്നും ഇതിനായി കടത്തിയതാകാമെന്നുമാണ്  കസ്റ്റംസിന്റെ നിഗമനം.

അതേ സമയം ലോക്ക് ഡൗണ്‍ കാലത്തുമാത്രം വിമാനത്താവളത്തിലൂടെ കടത്തിയത്   മുപ്പത്തിയേഴര കോടിയുടെ എണ്‍പത്തിമൂന്നര കിലോ സ്വര്‍ണമാണെന്നു കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.വിദേശങ്ങളില്‍ കുടിങ്ങികിടന്ന ഇന്ത്യക്കാര്‍ക്കുമാത്രമായി നടത്തിയ ചുരുക്കം വിമാനസര്‍വീസുകളിലൂടെയാണ് ഇത്രയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 218 കേസുകളിലായി 52 പേര്‍ അറസ്റ്റിലായി. മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചതു മുതല്‍ കുപ്പികളുടെ അടപ്പുകളുടെ ഉള്ളില്‍ വരെ സ്വര്‍ണം കടത്തിയത് പിടികൂടി.