ഭർത്താവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു: മരുമകൾ അറസ്റ്റിൽ

ചെന്നൈയില്‍ വൃദ്ധ ദമ്പതികളെയും മകനെയും വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായ മരുമകള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഒളിസങ്കേതത്തില്‍ നിന്നാണു മരുമകള്‍ ജയമാലയെയും അഭിഭാഷകനായ സഹോദരനെയും  തമിഴ്നാട് പൊലീസ് പിടികൂടിയത്. ജീവനാംശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു ജയമാല ഭര്‍ത്താവിനെയും മാതാപിതാക്കളെയും വെടിവച്ചെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ പതിനൊന്നിനാണ് ധനകാര്യ സ്ഥാപനം നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളെ  വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.

സൗകാര്‍പേട്ടിലെ ഫ്ലാറ്റില്‍ കഴിഞ്ഞ 11-നാണു ധനകാര്യ സ്ഥാപനയുടമ ദാലി ചന്ദ്,ഭാര്യ പുഷ്പ ബായ്, മകന്‍ ശീതള്‍ ചന്ദ് എന്നിവരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ശീതള്‍ ചന്ദിന്റെ ഭാര്യ പൂനെ സ്വദേശിനി ജയമാലയും വീട്ടുകാരുമാണു കൂട്ടകൊലയ്ക്കു പിന്നിലെന്നു വ്യക്തമായിരുന്നു. ജയമാലയുടെ സഹോദരനടക്കം മൂന്നുപേരെ പൊലീസ് പൂനെയില്‍ നിന്നു കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകുയം ചെയ്തു. പൊലീസിനെ വെട്ടിച്ചു കടന്ന ജയമാല, സഹോദനും അഭിഭാഷകുമായ വികാസ്, ഇവരുടെ സഹായി എന്നിവരെ ആഗ്രയ്ക്ക് അടുത്തുള്ള  ഒളിത്താവളത്തില്‍ നിന്നാണു പിടികൂടിയത്. കൊലയ്ക്കുപയോഗിച്ച രണ്ടു തോക്കുകളും കണ്ടെത്തി. ഇതില്‍ ഒരു തോക്ക് വിരമിച്ച പട്ടാളക്കാരന്റേതാണ്. കൊലപാതകത്തിനായി ഇയാളില്‍ നിന്നു വാങ്ങിയതായിരുന്നു ലൈസന്‍സുള്ള ഈ തോക്ക്. ജയമാലയും സഹോദരങ്ങളും പൂനെയില്‍ നിന്ന് ചെന്നൈയിലെത്തിയ കാറും പിടിച്ചെടുത്തു.പ്രതികളെ നാളെ ചെന്നൈയിലെത്തിക്കും. 

വിശദമായ ചോദ്യം ചെയ്യലുകള്‍ക്കു ശേഷമേ പ്രതികള്‍ക്കു പ്രാദേശിക സഹായം ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ വെളിപെടുത്താന്‍ കഴിയൂവെന്നു അന്വേഷണസംഘത്തലവന്‍ ഡി.സി.പി. ബാലസുബ്രണ്യം പറഞ്ഞു. മരിച്ച ശീതള്‍ ചന്ദും ഭാര്യ ജയമാലയും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹമോചനത്തിനായി അഞ്ചുകോടി രൂപ നഷ്ടപരിഹാരം ജയമാല ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ഇരു കുടുംബവും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. അതാണു കൂട്ടക്കൊലയിലെത്തിയത്. സഹോദരീ ഭര്‍ത്താവിന് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും ഇതു മറച്ചുവച്ചു വിവാഹം ചെയ്തു കുടുംബത്തെ വഞ്ചിച്ചതാണ് കൂട്ടക്കൊലയുടെ കാരണമായതെന്നുമാണ് നേരത്തെ അറസ്റ്റിലായ ജയമാലയുടെ സഹോദരന്‍ കൈലാശിന്റെ മൊഴി.