വ്യാജരേഖകള്‍ സമര്‍പ്പിച്ച് സഹകരണ ബാങ്കില്‍ നിന്ന് ഇരുപത്തി ആറ് ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെക്കൂടി കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്. ഇതോടെ വായ്പാത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
2013ലാണ് കോഴിക്കോട് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് കല്ലായി ശാഖയില്‍ നിന്ന് സംഘം പണം തട്ടിയത്. നേരത്തെ അറസ്റ്റിലായ പ്രദീപന്, സിജുലാല്‍ എന്നിവരായിരുന്നു തട്ടിപ്പിന്റെ മുഖ്യ ആസൂത്രകര്‍. സിജുലാലിന്റെ ബന്ധു നന്മണ്ട സ്വദേശി വിശ്വനാഥന് എന്നയാളുടെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി ബാങ്കില്‍ നിന്ന് പതിനെട്ടര ലക്ഷത്തിലധികം രൂപ തരപ്പെടുത്തുകയായിരുന്നു. വിശ്വനാഥന്റെ വസ്തുവും ഫോട്ടോക്ക് പകരം സിജുലാലിന്റെ ചിത്രവും പതിച്ചുള്ള തിരിച്ചറിയല്‍ കാര്‍ഡും വ്യാജമായി നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ഭാഗപത്രത്തിന്റെ പകര്‍പ്പായിരുന്നു ബാങ്കില്‍ ഹാജരാക്കിയത്. വില്ലേജ് ഓഫിസിലെ രേഖകളെല്ലാം യഥാര്‍ഥമായിരുന്നു.
എന്നാല്‍ വിശ്വനാഥന്റെ പേരിലുള്ള ആധാരം ബാലുശ്ശേരിയിലെ മറ്റൊരു ബാങ്കില്‍ പണയം വച്ച് വായ്പയെടുത്തെന്ന വിവരം ബോധപൂര്‍വം മറച്ചുവച്ചു. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ശേഷം വീണ്ടും ബാങ്കിനെ സമീപിച്ച് തുക ഇരുപത്തി ആറ് ലക്ഷമാക്കി മാറ്റി. വീണ്ടും തിരിച്ചടവ് വൈകിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. വിശ്വനാഥനെ അന്വേഷിച്ചെത്തിയ ബാങ്ക് അധികൃതരോട് താന്‍ വായ്പയെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. പൊലീസ് അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് സംഘത്തിന് സഹായം ചെയ്തതിനാണ് കൊയിലാണ്ടി സ്വദേശി സുരേന്ദ്രനെയും ടൗണ്‍ പൊലീസ് പിടികൂടിയത്.
ഇവര്‍ ബാങ്കില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പൂര്‍ണമായും വ്യാജമായിരുന്നു. വസ്തു വിലകൂട്ടിയാണ് കാണിച്ചിരുന്നത്. എന്നാല്‍ ഈ വസ്തുവിന് നിശ്ചയിച്ചിരിക്കുന്നതിന്റെ പകുതി പോലും വിലയില്ലെന്ന കാര്യവും വ്യക്തമാണ്. ഇതെല്ലാം മനസിലാക്കിയാണ് പ്രതികളുടെ അറസ്റ്റുണ്ടായത്. ഇതിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട് )
വായ്പാത്തട്ടിപ്പിന് ഉദ്യോഗസ്ഥരുടെ സഹായമുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കും. അറസ്റ്റിലായവര്‍ നല്കിയ വിവരമനുസരിച്ച് അടുത്തദിവസങ്ങളില്‍ കൂടുതലാളുകളെ ചോദ്യം ചെയ്യും.