പൊലീസുകാരനു സസ്പെൻഷൻ, പരാതി നൽകി യുവതി: ഐജി തല അന്വേഷണം

വിചിത്രമായ കാരണം നിരത്തി പൊലീസുകാരനെ സസ്പെൻഡ് ചെയ്തതിലും ഉത്തരവില്‍ കമ്മിഷണർ തന്നെ മോശമായി ചിത്രീകരിച്ചെന്ന യുവതിയുടെ പരാതിയിലും ഐജിയുടെ അന്വേഷണം തുടങ്ങി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജിനെതിരെയാണ് ഉത്തരമേഖല ഐ.ജി അശോക് യാദവിന്റെ അന്വേഷണം. മാധ്യമങ്ങളോട് പ്രശ്നം പങ്കുവച്ചതില്‍ പൊലീസുകാരന്‍ ഉമേഷിന് വീണ്ടും കാരണംകാണിക്കൽ നോട്ടിസ് നൽകുമെന്നും സൂചനയുണ്ട്

പൂർവ വൈരാഗ്യം തീർക്കാൻ സദാചാര പൊലീസിങ് നടത്തി പൊലീസുകാരൻ ഉമേഷ് വള്ളിക്കുന്നിനെ സിറ്റി പൊലീസ് കമ്മിഷണർ  സസ്പെന്‍ഡ് ചെയ്തെന്ന ആരോപണമാണ് ഉത്തരമേഖലാ ഐജി അശോക് യാദവ് അന്വേഷിക്കുന്നത്. ഐജി തലത്തിലുള്ള അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്. സസ്പെൻഷൻ ഉത്തരവില്‍ തന്റെ പേരുൾപ്പെടെ മോശമായ രീതിയിൽ കമ്മിഷണർ രേഖപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലും കമ്മിഷണർക്കെതിരെ അന്വേഷണമുണ്ട്. ഉമേഷ് ഗായികയായ യുവതിയെ ഫ്ലാറ്റെടുത്ത് താമസിപ്പിക്കുകയും വീട്ടിൽ നിത്യസന്ദർശനം നടത്തുന്നതും പൊലീസ് സേനയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് സസ്പെൻഷൻ ഉത്തരവിലുള്ളത്.  

മൊഴിയെടുക്കാൻ ഫ്ലാറ്റിലെത്തിയ അസിസ്റ്റന്റ് കമ്മിഷണറും കൂടെയുള്ള പൊലീസുകാരനും മോശമായി സംസാരിച്ചെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും ഉത്തരമേഖലാ ഐജിക്ക് നൽകിയിരുന്നു. കമ്മിഷണറുടെ സദാചാര പൊലീസിങ്ങിനെതിരെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തകർ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇതിനിടെയാണ് മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന് വീണ്ടും പൊലീസുകാരന് മെമ്മോ നൽകാനുള്ള നീക്കം.