യുവാവിനെ കാറിടിച്ചു കൊലപെടുത്തി; നീക്കം ഭൂമി തട്ടാന്‍

തമിഴ്നാട് തൂത്തുക്കുടിയില്‍ ഭൂമി തട്ടിയെടുക്കാന്‍ എ.ഡി.എം.കെ നേതാവിന്റെയും പൊലീസ് ഇന്‍സ്പെക്ടറുടെയും നേതൃത്വത്തിലുള്ള സംഘം യുവാവിനെ കാറിടിച്ചു കൊലപെടുത്തി.  പ്രതിഷേധം ശക്തമായതോടെ  ഇരട്ട കസ്റ്റഡി മരണം നടന്ന സാത്താന്‍കുളത്തിനു സമീപത്തെ തട്ടര്‍മാഡം ഇന്‍സ്പെക്ടര്‍ക്കെതിരെ  കൊലക്കുറ്റം ചുമത്തി കേസെടുത്തു. കുടുംബത്തിനൊപ്പം സമരം നടത്തിയ തിരിച്ചന്തൂര്‍ എം.എല്‍.എയുടെ വാഹനത്തിനു നേരെ ഗുണ്ടാ ആക്രമണമുണ്ടായി.

എ.ഡി.എം.കെയുടെ  പ്രാദേശിക നേതാവുമായി ഭൂമി സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്ന കുടുംബത്തിലെ 27 കാരന്റെ മരണമാണ് കഴിഞ്ഞ നാലു ദിവസമായി  തൂത്തുക്കുടിയെ ഇളക്കിമറിക്കുന്നത്. പതിനേഴിന് വൈകീട്ടാണ് തൂത്തുക്കുടി  തട്ടര്‍മാഡത്തിനു സമീപത്തെ  വെക്കന്‍കുടിയിരിപ്പു ഗ്രാമത്തിലെ  എസ് സെല്‍വന്‍ എന്ന യുവാവിനെ ഒരു സംഘം കാറിടിപ്പിച്ചു കൊലപെടുത്തിയത്. ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ കാറിടിച്ചു വീഴ്ത്തി തട്ടികൊണ്ടുപോയി മരണം ഉറപ്പാക്കിയതിനു ശേഷം  വിജയനായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.  എ.ഡി.എം.കെയുടെ പ്രാദേശിക നേതാവ്  എം.തിരുമണവേലാണ് കൊലപാതകത്തിനു പിറകിലെന്നാരോപിച്ചു മരിച്ച സെല്‍വന്റെ അമ്മ എലിസബത്ത് തുടങ്ങിയ സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ വന്‍ പ്രതിഷേധമായി മാറി.

കൊലപാതകത്തില്‍ തട്ടര്‍മാഡം ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണനുള്ള പങ്കുണ്ടെന്നാരോപിച്ചായിരുന്നു സമരം.  സെല്‍വന്റെ  സഹോദരന്‍ പങ്കുരാജിനെ തിരുമണവേല്‍ നല്‍കിയ കള്ളപരാതിയില്‍   നേരത്തെ ഹരികൃഷ്ണന്‍ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ വച്ചു ക്രൂര മര്‍ദനമേറ്റ   പങ്കുരാജ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹര്‍ജി നല്‍കിയതിനു തൊട്ടുപിറകെയായിരുന്നു കൊലപാതകം. 

സെല്‍വന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്ന കുടുംബത്തോടപ്പം ചേര്‍ന്ന സ്ഥലം എം.എല്‍.എ  അനിത രാധാകൃഷ്ണന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. ജീപ്പ് രാത്രി ഗുണ്ടകള്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം കനത്തു. ഡി.ജി.പി നേരിട്ടു ഇടപെട്ടതോടെ ഇന്ന് ഉച്ചയോടെ ഇന്‍സ്പെക്ടര്‍  ഹരികൃഷ്ണന്‍ , എഡിഎംകെ നേതാവ്  തിരുമണവേല്‍  അടക്കം ആറുപേര്‍ക്കെതിരെ ഇന്ന് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. ഇതോടൊണ് പ്രതിഷേധങ്ങള്‍ അടങ്ങിയത്. വൈകീട്ടോടെ തിരുമണവേലും എഫ്.ഐ.ആറില്‍ പേരുള്ള മുത്തുകൃഷ്ണയെന്നയാളും ചെന്നൈയിലെ കോടതിയില്‍ കീഴടങ്ങി.എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിറകെ  ഹരികൃഷ്ണന്റെ ചുമതലകളെല്ലാം എടുത്തുമാറ്റി.