യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ ഒറ്റച്ചക്രത്തിൽ അഭ്യാസം; കാതടപ്പിക്കും ശബ്ദം; അറസ്റ്റ്

അതിരപ്പിള്ളി: ബൈക്കിന്റെ മുൻചക്രം വായുവിൽ ഉയർത്തിപ്പിടിച്ച് പാലത്തിനു മുകളിലൂടെ പാഞ്ഞ 6 യൂട്യൂബർമാർ പൊലീസ് പിടിയിൽ. അങ്കമാലി കിടങ്ങൂർ സ്വദേശികളായ അറക്കമൂത്താട്ട് ശ്രീജിത്ത് (20), കൊട്ടാരപ്പാട്ടിൽ അഭിഷേക് (21), കുരിശുപറമ്പിൽ ആഗ്വിൻ (20), ഇടപ്പള്ളി കണ്ണിക്കണ്ടത്തിൽ റസൽ (20), ആലുവ പൂക്കാട്ടുപടി അൻഷാദ് (20), മേനോത്തുകുഴി മന‍ു (18) എന്നിവരെയാണ് പൊലീസ് കയ്യോടെ പിടികൂടിയത്. 

സമൂഹമാധ്യമമായ യൂട്യൂബിൽ വിഡിയോ പോസ്റ്റുചെയ്യാൻ വേണ്ടിയായിരുന്നു അഭ്യാസമെന്നു യുവാക്കൾ പൊലീസിനോടു പറഞ്ഞു. വെറ്റിലപ്പാറ പാലത്തിനു മുകളിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു യുവാക്കളുടെ പ്രകടനം. ബൈക്കിന്റെ മുൻചക്രം ഉയർത്തിയും കാതടപ്പിക്കുന്ന ശബ്ദത്തിൽ റോഡിൽ വട്ടംകറക്കിയും യുവാക്കൾ പ്രകടനം നടത്തുന്ന വിവരമറിഞ്ഞു പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെടാനായിരുന്നു യുവാക്കളുടെ ശ്രമം.

എല്ലാവരെയും പൊലീസ് തടഞ്ഞു പിടികൂടി.   എല്ലാവരിൽ നിന്നും 2000 രൂപ വീതം പിഴയീടാക്കി. സാഹസിക ബൈക്ക് യാത്രകൾ നടത്തുന്ന യുവാക്കളുടെ സാമൂഹിക മാധ്യമ കൂട്ടായ്മയിൽ അംഗമാണിവർ. എസ്ഐ പി.ഡി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.