ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കാൻ മുംബൈ പൊലീസിന്‍റെ വേറിട്ട മാതൃക; വൈറൽ

ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ ‘സ്ക്വിഡ് ഗെയിം‌’ എന്ന കൊറിയൻ സീരീസ് ഇപ്പോള്‍ വന്‍ വിജയമാണ്. സ്ക്വിഡ് ഗെയിമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് റോഡ് സുരക്ഷയെക്കുറിച്ച് മുംബൈ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശം ഇപ്പോള്‍ വൈറലാവുകയാണ്. 

അതിജീവനത്തിന്‍റെ കഥ വളരെ സാഹസികവും ഭയാനകവുമായ രീതിയിലൂടെ കാട്ടിത്തരുന്ന ഈ സീരീസ് ഭാഷാ ഭേദമന്യേ ലോകത്തിന്‍റെ എല്ലാ കോണിലുള്ളവരും ഒരു പോലെ സ്വീകരിക്കുകയാണ്. കടക്കെണിയില്‍ അകപ്പെട്ട ഒരു കൂട്ടം ആളുകള്‍ കുട്ടികളുടെ ചില ഗെയിമുകള്‍ കളിക്കുന്നതാണ് സീരീസില്‍ കാണിക്കുന്നത്. വിജയികളാകുന്നവര്‍ക്ക് വലിയ ഒരു തുക സമ്മാനമായി കിട്ടും. എന്നാല്‍ വിചാരിക്കുന്നത്ര എളുപ്പമല്ല ഈ ഗെയിമുകള്‍. സീരീസിലെ 'റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ്' എന്ന ആദ്യ ഗെയിമാണ് മുംബൈ പൊലീസ് വിഡിയോയില്‍ ഉപയോഗിച്ചത്. ഗെയിമില്‍ ഒരു വലിയ പാവ 'ഗ്രീന്‍ ലൈറ്റ്' എന്ന് പറയുമ്പോള്‍ മത്സരാർത്ഥികള്‍ മുന്നോട്ട് നീങ്ങുകയും, 'റെഡ് ലൈറ്റ്' പറയുമ്പോള്‍ നില്‍ക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ 'റെഡ് ലൈറ്റ്' പറഞ്ഞതിന് ശേഷം നീങ്ങുന്ന കളിക്കാർക്ക് വെടിയേല്‍ക്കും. ഇതു ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. 'റോഡിലെ നിങ്ങളുടെ ഗെയിമിന്‍റെ മുന്‍നിരക്കാരന്‍ നിങ്ങളാണ്. പുറത്താകാതെ നിങ്ങള്‍ക്ക് സ്വയം രക്ഷിക്കാനാകും. റെഡ് ലൈറ്റുകളില്‍ നിര്‍ത്തുക' എന്ന അടിക്കുറിപ്പോടെ മുംബൈ പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു.  

വൈറല്‍ പോസ്റ്റ് ഇതിനോടകം തന്നെ 1 ലക്ഷത്തിലധികം ആളുകള്‍ കാണുകയും റോഡ് സുരക്ഷയെക്കുറിച്ച് സന്ദേശം നല്‍കാന്‍ സീരീസിനെ വളരെ ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തിയതിനെ പ്രശംസിച്ച് നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തു. 'സിസിടിവി ക്യാമറയ്ക്ക് പകരം ഈ പാവയെ വെച്ചാല്‍ റോഡ് നിയമങ്ങള്‍ എല്ലാവരും പാലിക്കും', 'ആശയത്തിന് പിന്നിലെ പൊലീസുകാരന് അഭിനന്ദനങ്ങള്‍' എന്നിങ്ങനെയാണ് രസകരമായ ചില പ്രതികരണങ്ങള്‍. ഒരു മാസത്തിനകം തന്നെ 111 ദശലക്ഷം പേര്‍ കണ്ട സ്ക്വിഡ് ഗെയിം നെറ്റ്ഫ്ലിക്സിന്‍റെ ഏറ്റവും ജനപ്രിയമായ സീരീസാണെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. സന്ദേശം ധാരാളം ആളുകളിലേക്ക് എത്തിക്കാന്‍ പൊലീസിന് ഈ വിഡിയോയിലൂടെ കഴിഞ്ഞു. മുന്‍പും ഇത്തരത്തില്‍ പല സിനിമകളുടെയും സീരീസുകളുടെയും ആശയം ഉപയോഗപ്പെടുത്തി പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് സന്ദേശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

വിഡിയോ കാണാം: