റോയ് തോമസ് വധം: നോട്ടറി അഭിഭാഷകന്‍ അഞ്ചാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ നോട്ടറി അഭിഭാഷകന്‍ അഞ്ചാം പ്രതിയായി. ജോളി തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ അഡ്വ.സി.വിജയകുമാറിനെ പ്രതിചേർത്തുള്ള അനുബന്ധ കുറ്റപത്രം അന്വേഷണസംഘം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വിചാരണ ഈമാസം പതിനൊന്നിന് തുടങ്ങും.  

ആദ്യം സമർപ്പിച്ച കുറ്റപത്രത്തില്‍ സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന വിജയകുമാർ അനുബന്ധ കുറ്റപത്രത്തിൽ അഞ്ചാം പ്രതിയായി. റോയിയുടെ ഭാര്യ ജോളി ജോസഫ്, എം.എസ്.മാത്യു, പ്രജികുമാര്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജ്കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് നാല് പ്രതികള്‍. വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടത് മനോജാണ്. മനോജ്കുമാറിന്റെ നിർദേശപ്രകാരമാണു ഇടത് അനുകൂല അഭിഭാഷക സംഘടനാ നേതാവായ വിജയകുമാർ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഒസ്യത്തിന്റെ പകർപ്പിൽ നോട്ടറി സീൽ പതിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. വിജയകുമാറിനെ പ്രതിചേര്‍ക്കാന്‍ ജൂണ്‍ പത്തിനാണ് സെഷന്‍സ് കോടതി അനുമതി നല്‍കിയത്. ടോം തോമസ് നേരിട്ടെത്തി ആവശ്യപ്പെട്ടതുപ്രകാരമാണു ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നായിരുന്നു അഭിഭാഷകൻ മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ മൊഴി. 

വിജയകുമാറിന്റെ ഓഫിസിലെ നോട്ടറി റജിസ്റ്ററിൽ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ തീയതി കാണിച്ചും ടോം തോമസിന്റെ വിലാസവും ഒപ്പും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഒപ്പ് വ്യാജമാണെന്നു കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണു കേസിൽ സാക്ഷിയായിരുന്ന വിജയകുമാറിനെ പ്രതിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.