പണം വെച്ചുള്ള ചീട്ടുകളിക്ക് ഒത്താശ; സിഐക്ക് സസ്പെൻഷൻ

കോട്ടയം മണർകാട് ക്രൗൺ ക്ലബിൽ പണം വെച്ചുള്ള ചീട്ടുകളിക്ക് ഒത്താശ ചെയ്ത സിഐക്ക് സസ്പെൻഷൻ. മണർകാട് സി ഐ ആയിരുന്ന ആർ. രതീഷ് കുമാറിനെതിരെയാണ് നടപടി. അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. 

പൊലീസിന്റെ ഒത്താശയോടെയാണ് മണർകാട് ക്രൗൺ ക്ലബിൽ കോടികൾ മറയുന്ന ചീട്ടുകളി നടന്നിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മണർകാട് പൊലീസ് സ്റ്റേഷന്റെ അടുത്തു പ്രവർത്തിക്കുന്ന ക്ളബിൽ റെയ്ഡ് നടക്കുന്ന വിവരം സിഐ തന്നെ ചോർത്തി നൽകി. ഇത് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. 

റെയ്ഡിനു ശേഷം ക്ലബ് സെക്രട്ടറി മാലം സുരേഷുമായി സംസാരിച്ച രതീഷ് കുമാർ പൊലീസുകാർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും ഉപദേശിച്ചു. ഫോൺ സംഭാഷണം തന്റേതാണെന്ന് സിഐ സമ്മതിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണ മേഖലാ ഐജി ഹർഷിത ആട്ടല്ലൂരിയാണ് നടപടി എടുത്തത്. ആദ്യ നടപടിയെന്ന നിലയിൽ തിങ്കളാഴ്ച രതീഷിനെ മണർകാട് സ്റ്റേഷനിൽ നിന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

മണർകാട് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്കും ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും നടപടിയുണ്ടാകും. കഴിഞ്ഞ 11നാണ് മണർകാട്ടെ ക്ളബിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയത്. റെയ്ഡിൽ 18 ലക്ഷം രൂപ പിടികൂടി 43 പേരെ അറസ്റ്റു ചെയ്തു.