ലോക്ഡൗണിൽ ബവ്റിജസിൽ നിന്നും മദ്യം കടത്തി; ജീവനക്കാരനെതിരെ സഹപ്രവർത്തകർ

ലോക്ഡൗണ്‍ കാലയളവില്‍ ബവ്റിജസ് ഔട്ട്്ലെറ്റില്‍ നിന്ന് ജീവനക്കാരന്‍ മദ്യം കടത്തിയെന്ന പരാതിയില്‍ അന്വേഷണം. കോഴിക്കോട് തണ്ണീര്‍പ്പന്തലിലെ ഔട്ട്്്ലെറ്റിലാണ് ബെവ്കോ റീജണല്‍ മാനേജരുെട നേതൃത്വത്തില്‍ പരിശോധിച്ചത്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ മദ്യം വിവിധഘട്ടങ്ങളിലായി കടത്തിയെന്ന് സഹപ്രവര്‍ത്തകരാണ് ജീവനക്കാരനെതിരെ പരാതി നല്‍കിയത്. 

നിലവില്‍ തണ്ണീര്‍പ്പന്തലില്‍ പ്രവര്‍ത്തിക്കുന്ന ബെവ്കോ ഔട്ട്്ലെറ്റ് മാവൂര്‍ റോഡിലായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന ഔട്ട്്്ലെറ്റില്‍ നിന്നാണ് ജീവനക്കാരന്‍ മൂന്ന് ലക്ഷം രൂപയിലധികം വിലയുള്ള മദ്യം കടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കൈമാറുന്നതിനാണ് മദ്യം കൊണ്ടുപോകുന്നതെന്നായിരുന്നു സുരക്ഷാജീവനക്കാരെ ധരിപ്പിച്ചിരുന്നത്. നിയന്ത്രണം കഴഞ്ഞ് വില്‍പനകേന്ദ്രം തണ്ണീര്‍പ്പന്തലിലേക്ക് മാറിയതോടെയാണ് സ്റ്റോക്കിലെ കുറവ് തെളിഞ്ഞത്. 

എക്സൈസിന്റെ പരിശോധനയില്‍ അളവിലെ അന്തരം കണ്ടെത്തി. എന്നാല്‍ മൂന്ന് ലക്ഷം രൂപയുടെ അന്തരം ക്രിത്രിമ രേഖകളിലൂടെ ക്രമപ്പെടുത്താന്‍ ജീവനക്കാരന്‍ ശ്രമിച്ചത് മറ്റുള്ള ജീവനക്കാര്‍ കൈയ്യോടെ പിടികൂടി. പിന്നാലെ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് വിശദമായ പരിശോധനയുണ്ടായത്. വീഴ്ച തെളിഞ്ഞാല്‍ കൃത്യമായ നടപടിയുണ്ടാകുമെന്ന് ബെവ്കോ അധികൃതര്‍ അറിയിച്ചു. എക്സൈസ് ഉദ്യോഗസ്ഥരും തണ്ണീര്‍പ്പന്തലിലെ വില്‍പനകേന്ദ്രത്തിലെത്തി പരിശോധിച്ചു.