തൊഴുത്തിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് പരിശോധനയിൽ നടപടി

വയനാട് മാനന്തവാടിയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ ഇരുന്നൂറ്റമ്പത് ലിറ്ററോളം വാഷ് പിടിച്ചെടുത്തു. മദ്യശാലകള്‍ അടഞ്ഞതിന് ശേഷം ജില്ലയില്‍ ഇതുവരെ ആയിരം ലിറ്ററോളം വാഷും വാറ്റുപകര ണങ്ങളുമാണ് പിടികൂടിയത്. 

വനമേഖലകളും പുഴയോരങ്ങളും ഒറ്റപ്പെട്ട വീടുകളും കേന്ദ്രീകരിച്ചുള്ള എക്സൈസ് സംഘത്തിന്റെ പരിശോധനകള്‍ തുടരുകയാണ്. മാനന്തവാടി വാളാട് വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലായിരുന്നു വാറ്റ് കേന്ദ്രം.

100 ലിറ്റര്‍ വാഷും ഉപകരണങ്ങളും പിടികൂടി. പാലമൂട്ടില്‍ രാമചന്ദ്രന്‍ എന്നയാളുടെ പേരില്‍ അബ്കാരി കേസെടുത്തു.

പേരിയ തൂത്തായിക്കുന്ന് വനമേഖലയിലെ വ്യാജമദ്യ നിര്‍മ്മാണ ശ്രമവും പൊളിച്ചു. ഇവിടെ നിന്നും നൂറ്റമ്പത് ലിറ്ററോളം വാഷ് പിടിച്ചെടുത്തു. ആരെയും പിടികൂടാനായില്ല. മദ്യശാലകള്‍ അടഞ്ഞതിന് ശേഷം ജില്ലയില്‍ ഇതുവരെ ആയിരം ലിറ്ററോളം വാഷും വാറ്റുപകരണങ്ങളുമാണ് എക്സൈസ് സംഘം പിടികൂടിയത്. 12 കേസുകളെടുത്തു. മാനന്തവാടിക്കൊപ്പം ബത്തേരി, കല്‍പറ്റ തലൂക്കുകളിലും പരിശോധനകള്‍ നടക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് അറിയിച്ചു.