കൊരട്ടിയില്‍ വാറ്റുകേന്ദ്രം കണ്ടെത്തി ഡ്രോണ്‍; വാറ്റുസംഘം എക്സൈസിനെ വെട്ടിച്ച് കടന്നു

കൊരട്ടി മേലൂരില്‍ എക്സൈസ് സംഘം ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെ വാറ്റുകേന്ദ്രം കണ്ടെത്തി. ആളൊഴിഞ്ഞ റബര്‍ എസ്റ്റേറ്റിലായിരുന്നു വാറ്റുകേന്ദ്രം. 

വിജനമായ പ്രദേശങ്ങള്‍ക്കു മീതെ എക്സൈസ് സംഘം ഡ്രോണ്‍ പറത്തി. ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ പറത്താന്‍ കഴിയുള്ള ഡ്രോണ്‍ ആണ് ഉയര്‍ത്തിയത്. കൊരട്ടി മേലൂരില്‍ റബര്‍ എസ്റ്റേറ്റിനു മുകളിലൂടെ ഡ്രോണ്‍ പറന്നു. മോണിറ്ററില്‍ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി സ്ഥലങ്ങള്‍ നിരീക്ഷിച്ചു. വാറ്റുകേന്ദ്രത്തിന്റേതായ കെട്ടുംമട്ടും റബര്‍ എസ്റ്റേറ്റില്‍ കണ്ടു. സംശയം തോന്നിയ ഇടത്ത് ഡ്രോണ്‍ കുറച്ചുക്കൂടെ താഴ്ത്തി പറത്തി. പാചക വാതക സിലിണ്ടറുകളും വാറ്റുപകരണങ്ങളും വാഷും കാമറയില്‍ തെളിഞ്ഞു കണ്ടു. ഉടനെ, എക്സൈസ് സംഘം റബര്‍ എസ്റ്റേറ്റിലേക്ക് കുതിച്ചു. ഡ്രോണ്‍ താഴ്ത്തി പറന്നപ്പോള്‍ പന്തികേടു തോന്നി വാറ്റുസംഘം രക്ഷപ്പെട്ടു. 

ലോക്ഡൗണ്‍ പ്രമാണിച്ച് ബവ്റിജസ് ഔട്ട്്ലെറ്റുകള്‍ പൂട്ടിയതോടെ വാറ്റുചാരായ സംഘങ്ങള്‍ സജീവമാണ്. വിജനമായ പറമ്പുകളില്‍ ആരും കാണില്ലെന്ന് കരുതി ചാരായം വാറ്റാന്‍ തുടങ്ങിയാല്‍ തലയ്ക്കു മീതെ ഡ്രോണുകള്‍ പറക്കും. എക്സൈസ് സംഘം കയ്യോടെ പിടികൂടി അകത്താക്കും. ജില്ലയില്‍ വാറ്റുചാരായ വില്‍പനയുമായി ബന്ധപ്പെട്ട് എക്സൈസ് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.