ഇടുക്കിയിൽ വ്യാജവാറ്റ് വ്യാപകം; 5000 ലീറ്ററിലേറെ കോട നശിപ്പിച്ചു

എട്ട് ദിവസത്തിനിടെ ഇടുക്കിയിലെ അതിര്‍ത്തി മേഖലയില്‍ നിന്നും കണ്ടെത്തി നശിപ്പിച്ചത് 5000 ലീറ്ററിലേറെ കോട. പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ ചാരായമുണ്ടാക്കാൻ  സാധിയ്ക്കുന്ന കോടയാണ് നശിപ്പിച്ചത്. ചാരായത്തിന് വീര്യം കൂട്ടുന്നതിനായ് കീടനാശിനികളും കോടയിൽ കലർത്തുന്നതായ് എക്സൈസ് കണ്ടെത്തൽ. 

ലോക് ഡൗണ്‍ പശ്ചാതലത്തില്‍ ഇടുക്കിയിലെ അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചതോടെ വ്യാജ ചാരായം ഒഴുകാനുള്ള സാധ്യത തടയുക എന്ന ലക്ഷ്യത്തോടെ കനത്ത പരിശോധനയാണ് എക്‌സൈസ് നടത്തുന്നത്.  വിവിധ റെയ്ഡുകളിലായി 5000 ലധികം ലിറ്റര്‍ കോട നശിപ്പിച്ചു. ചാരായത്തിന് വീര്യം കൂട്ടുന്നതിനായ് കീടനാശിനികളും മരണം വരെ സംഭവിക്കാവുന്ന അസംസ്കൃത വസ്തുക്കളും കോടയിൽ കലർത്തുന്നതായികണ്ടെത്തി.  കീടനാശിനി വിവിധ അളവുകളിലാണ് കോടയിൽ കലർത്തുന്നത്. ഇതിനു പുറമെ  ലെഡ്, ബാറ്ററിയുടെ കരി, ഉപയോഗശൂന്യമായ സ്പിരിറ്റ് തുടങ്ങിയവയും കോടയിൽ കലർത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.  വീര്യം കൂടുന്നതിനൊപ്പം കൂടുതൽ അളവിൽ ചാരായം ഉത്പാദിപ്പിക്കുന്നതിനുമാണ് ഇത്തരം വസ്തുക്കൾ ചേർക്കുന്നത്.

രാമക്കല്‍മേട്, ആറാംമൈല്‍, രാജകുമാരി, മൂങ്കിപ്പളം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നാണ് കഴിഞ്ഞ  ദിവസങ്ങളില്‍ ചാരായം കണ്ടെത്തിയത്. വിവിധ കേസുകളിലായി മൂന്ന ്പ്രതികളേയും പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കമ്പംമെട്ട് മൂങ്കിപ്പളത്ത് നടത്തിയ പരിശോധനയില്‍ 220 ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചു. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ ബാരലില്‍ സൂക്ഷിച്ച നിലയിലാണ് കോട കണ്ടെത്തിയത്. വാറ്റുപകരണങ്ങളും ഇവിടെ നിന്നും ലഭിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കി.