യൂട്യൂബ് നോക്കി നാടൻ വാറ്റ്; മൂന്നു യുവാക്കൾ അറസ്റ്റിൽ

യൂട്യൂബ് നോക്കി നാടൻ വാറ്റാനിറങ്ങിയ മൂന്നു  യുവാക്കൾ ആലപ്പുഴയിൽ അറസ്റ്റിൽ. ഇവരിൽ നിന്ന് 200 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടി. ആലപ്പുഴ സൗത്ത് പോലീസിന്റെ ഓപ്പറേഷൻ ഡാർക്ക്‌ ഡെവിൾ ടീമാണ് യുവാക്കളെ പിടികൂടിയത് 

വിദേശമദ്യം എവിടെയും കിട്ടാനില്ല. വ്യാജന് വേണ്ടി തിരഞ്ഞെങ്കിലും അതുമില്ല. ഒടുവിലാണ് അറിയാത്ത പണിക്ക് മൂവരും ഇറങ്ങിയത്. ചാരായം വാറ്റിനെകുറിച്ച് വലിയ അറിവില്ലാത്തതിനാൽ യൂട്യൂബ് വീഡിയോകൾ കണ്ടായിരുന്നു പരീക്ഷണം. ആളൊഴിഞ്ഞ പറമ്പിൽ എല്ലാം ഒരുക്കി. പക്ഷെ തുള്ളി ഇറ്റുവീണത് പൊലീസിന് മുന്നിൽ. 

ആലപ്പുഴ പഴവീട് സ്വദേശികളായ അരവിന്ദ്, അനന്ദു, ജിതിൻലാൽ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. കൈതവന മാന്താഴത്തായിരുന്നു വാറ്റ് കേന്ദ്രം . പിടിച്ചുപറി കേസുകളിൽ ഉൾപ്പെടെ നേരത്തെ പ്രതികളാണ് മൂവരുമെന്ന് പൊലീസ് പറഞ്ഞു. സ്വന്തം ആവശ്യത്തിന് പുറമെ വില്പന കൂടി ലക്ഷ്യം വച്ചായിരുന്നു വാറ്റ്. കൂടുതൽ പേര് സംഘത്തിൽ ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്