വീടിന് തീയിട്ടത് അക്രമിസംഘം; പക്ഷേ സംശയമുന വീട്ടുകാരിലേക്കും: അന്വേഷണം

തിരുവനന്തപുരം ചിറയിൻകീഴിൽ വീടിന് തീയിട്ടത് അക്രമി സംഘവും വീട്ടുകാരും തമ്മിലുള്ള വ്യക്തി വൈരാഗ്യം കാരണമെന്ന് പൊലീസ്. എതിര്‍ സംഘത്തെ കുടുക്കാന്‍ അപകടം വീട്ടുകാര്‍ സ്വയം സൃഷ്ടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. വീട്ടുടമസ്ഥനായ കിരണും അക്രമിസംഘത്തിലെ ചിലരും തമ്മില്‍ ഇതിനുമുമ്പും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഓമനയും ഭര്‍ത്താവ് ബാബുവും മകനും താമസിക്കുന്ന വടക്കെ അരയത്തുരുത്തിലെ വീട്ടില്‍ ഒരു സംഘമാളുകളെത്തിയത്. ഇരുചക്രവാഹനങ്ങളിലെത്തിയ പത്തോളംപേര്‍ മകന്‍ കിരണിനെ തിരക്കി. സ്ഥലത്തില്ലെന്നറിയിച്ചതോടെ ഓമനയേയും ഭര്‍ത്താവിനേയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. രാത്രി രണ്ടുമണിയോടെ വീണ്ടും സ്ഥലത്തെത്തിയ അക്രമിസംഘം വീടിന് തീയിടുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. അക്രമികള്‍ വീണ്ടുമെത്തുമോയെന്ന് ഭയന്ന് രാത്രിയില്‍ സഹോദരന്റെ വീട്ടിലേക്ക് പോയതിനാലാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായതെന്നും ഇവര്‍ പറയുന്നു. 

തിരിച്ചറിയൽ രേഖകളും വീട്ടുപകരണങ്ങളുമെല്ലാം കത്തിനശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. വീട്ടുകാരുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്. കിരണും സുഹൃത്തുക്കളും എതിര്‍ സംഘത്തെ കുടുക്കാനായി മനപൂര്‍വം വീടിന് തീയിട്ടതാണോയെന്ന സംശയവും പൊലീസിനുണ്ട്.