സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന; യുവാവ് പിടിയിൽ

ഇടുക്കി മറയൂരിലെ സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് പിടിയില്‍. പട്ടിക്കാട് സ്വദേശി വിഘ്നേഷാണ്  പിടിയിലായത്. ഒരു പ്രതി ഓടി രക്ഷപെട്ടു. മറയൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജി അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഘ്‌നേഷിനെ പിടികൂടിയത്. ഇയാളോടൊപ്പം കഞ്ചാവ് വില്‍പനയില്‍ സഹായിച്ചിരുന്ന മറയൂര്‍ മേലാടി സ്വദേശി മഹാരാജ ഓടിരക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന്  കഞ്ചാവ് വാങ്ങി പൊതികളിലാക്കി സ്കൂള്‍ പരിസരങ്ങളില്‍ വില്‍പന നടത്തുകയാണ് ഇവരുടെ രീതി.  82 പായ്ക്കറ്റുകളിലായി 498 ഗ്രാം കഞ്ചാവ് ഇവരുടെ കൈയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഒരു പൊതി കഞ്ചാവ് 400 രൂപയ്ക്കാണ്  വില്‍പന നടത്തുന്നത്. മറയൂര്‍ സർക്കാർ  ഹൈസ്കൂളിന് സമീപത്ത് നിന്നും കഞ്ചാവ് വില്പനക്കിടെയാണ് പ്രതി പിടിയിലായത്.

പ്രദേശത്തെ യുവാക്കളെയും സ്കൂള്‍ വിദ്യാർഥികളെയും ലഹരിക്കടിമകളാക്കുന്നതിനായി ഇവർ  ശ്രമിക്കുന്നതായും ഇവരുടെ കൈവശം കഞ്ചാവ് ഉണ്ടെന്നും മറയൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.