തമിഴ്നാട്ടില്‍ വന്‍കഞ്ചാവ് വേട്ട; ശ്രീലങ്കയിലേക്കു കടത്താനുള്ള നീക്കത്തിനിടെ അറസ്റ്റ്

തമിഴ്നാട്ടില്‍ വന്‍കഞ്ചാവ് വേട്ട. നാഗപട്ടണം ജില്ലയിലെ  കൊടിയരക്കരയില്‍  കണ്ടെയ്നര്‍ ലോറിയില്‍ നിന്ന്  620 കിലോ കഞ്ചാവ് പിടികൂടിയത്. ശ്രീലങ്കയിലേക്കു കടത്താന്‍ കൊണ്ടുപോകുന്നതിനിടെയാണ്  ഇത്രയും അധികം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായി.

സിമന്റിന്റേയോ ,ഉപ്പിന്റെയോ ചാക്കുകള്‍ അട്ടിയിട്ടതല്ലയിത്. ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നതാണ്. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തെ പൊലീസ് സ്റ്റേഷനിലാണ്  ഒരേ സമയം ഞെട്ടലും കൗതുകവുമുണ്ടാക്കുന്ന  ഈ ദൃശ്യങ്ങളുള്ളത്.  മധുരയില്‍ നിന്ന്   വേദാരണ്യത്തിലേക്കു കണ്ടെയ്നര്‍ ലോറി വഴി ലഹരിമരുന്ന് കടുത്തുന്നുവെന്ന വിവരം കിട്ടിയ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ സമര്‍ഥമായ നീക്കമാണ്  സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയിലേക്കെത്തിയത്. ദേവാരണ്യത്തിനു സമീപം റോഡിനുകുറുകെ വാഹനങ്ങള്‍ നിരത്തിയാണ് കണ്ടെയ്നര്‍ ലോറി തടഞ്ഞത്.

ലോറി പരിശോധിച്ച  ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടി. ലോറി നിറയെ കഞ്ചാവ്. ലോറിക്ക് എസ്കോര്‍ട്ട് വന്ന രണ്ടു കാറുകളും പിടിച്ചെടുത്തു. ദേവാരണ്യം കൊടിയക്കാട് സ്വദേശികളായ ഇയ്യപ്പന്‍, രമണന്‍,  എം.ശെല്‍വരാജ്,ചെന്നൈ തിരുവട്ടിയൂര്‍ സ്വദേശികളായ തവമണി, പരമാനന്ദം എന്നിവരാണ് അറസ്റ്റിലായത്. ശ്രീലങ്കയിലേക്കു കടത്താന്‍ തയാറാക്കികൊണ്ടുവന്നതായിരുന്നു കഞ്ചാവ് ചാക്കുകള്‍. ദേവാരണ്യത്തെ കൊടിയക്കര എന്ന സ്ഥലത്തു നിന്ന് കടല്‍മാര്‍ഗം വെറും 13 കിലോമീറ്ററാണ് ശ്രീലങ്കയിലേക്കുള്ളത്. ഇതുവഴി വന്‍തോതില്‍ ലഹരി,ആയുധകടത്ത് നടക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. .  ശ്രീലങ്കയിലേക്കു ലഹരികടത്തുന്ന വന്‍മാഫിയയാണ് ഇതിനു പിന്നിലെന്ന സൂചനയെ തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.