മുള്ളൻപന്നിയെ കെണിവച്ച് പിടിച്ച് ഇറച്ചിയാക്കി; മധ്യവയസ്കൻ പിടിയിൽ

മുള്ളൻപന്നിയെ കെണിവച്ച് പിടിച്ച് ഇറച്ചിയാക്കിയ മധ്യവയസ്കൻ കണ്ണൂര്‍, തളിപ്പറമ്പിൽ വനം വകുപ്പിന്റെ പിടിയിൽ. പുതിയപുരയിൽ മുസ്തഫയെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കറിവയ്ക്കാനായി സൂക്ഷിച്ചിരുന്ന ഇറച്ചിയും പിടിച്ചെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു മുസ്തഫയുടെ വീട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വീട്ടിലെ കുളിമുറിയില്‍ നിന്നാണ് കറിവയ്ക്കുന്നതിനും വില്‍പനയ്ക്കുമായി സൂക്ഷിച്ചിരുന്ന ആറു കിലോ ഇറച്ചിയും, മുള്ളന്‍ പന്നിയുടെ തോലും പിടിച്ചെടുത്തത്. മുള്ളൻപന്നിയുള്‍പ്പെടെ സംരക്ഷിത പട്ടികയിലുള്‍പ്പെട്ട മൃഗങ്ങളെ കെണിയില്‍ വീഴ്ത്തി, ഇറച്ചി ഉയർന്ന വിലക്ക് വിൽപ്പന നടത്തുന്നതായിരുന്നു മുസ്ഫയുടെ പതിവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഷെഡ്യൂൾ നാലിൽ ഉൾപ്പെടുന്ന മുള്ളൻപന്നിയെ പിടികൂടുന്നതും കൊല്ലുന്നതും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.