പെൺകുട്ടിയെ പൂട്ടിയിട്ട ശേഷം മോഷണം; പത്ത് പവനും പണവും കവർന്നു

മുണ്ടക്കയത്ത് പെൺകുട്ടിയെ പൂട്ടിയിട്ട ശേഷം പണവും സ്വർണാഭരണങ്ങളും കവർന്നു. പത്ത് പവന്‍റെ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. തുഴവഞ്ചേരിയിൽ ഗോപാലകൃഷ്നന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 

രോഗബാധയെ തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണനെ പരിചരിക്കാനായി ഭാര്യയും മകന്‍ രഞ്ജിത്തും പോയതിനാല്‍ മകള്‍ രമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

രാത്രിയില്‍ അടുക്കള വാതില്‍ തള്ളിതുറന്നാണ് മോഷ്ടാവ് വീട്ടില്‍ കയറിയത്. രമ്യ കിടന്നുറങ്ങിയിരുന്ന മുറി പുറത്തു നിന്ന് പൂട്ടിയ മോഷ്ടാവ് സമീപത്തെ മുറിയിലെ അലമാരയും മേശയും നിന്നാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മാല, വള, മോതിരം ഉള്‍പ്പെടെ നഷ്ടപ്പെട്ടു. 

പഴ്സിലുണ്ടായിരുന്ന 2700 രൂപയും മോഷ്ടാവ് കവര്‍ന്നു. പുലര്‍ച്ചെ രമ്യ ശബ്ദം കേട്ട് ഉണര്‍ന്നു. മുറി പൂട്ടിയത് അറിഞ്ഞതോടെ ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. അയല്‍വാസികളെത്തിയാണ് രമ്യയെ മുറി തുറന്ന് പുറത്തിറക്കിയത്. രമ്യയുടെ മൊഴിയെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.