വിദ്യാർഥികള്‍ക്കുനേരെ സദാചാര ഗുണ്ടായിസം; 5 പേര്‍ അറസ്റ്റിൽ

കണ്ണൂര്‍ പയ്യന്നൂരിനടുത്ത് എടാട്ട് തുരുത്തിയില്‍ വിദ്യാർഥികള്‍ക്കുനേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കുഞ്ഞിമംഗലം സ്വദേശികളാണ് അറസ്റ്റിലായത്. കണ്ടൽ ബോധവൽക്കരണ നാടക പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.

രണ്ടുദിവസം മുന്‍പാണ് സംഭവം. അരവഞ്ചാലി സ്വദേശി അഭിജിത്ത്, കുഞ്ഞിമംഗലം സ്വദേശി വിമല്‍ എന്നിവര്‍ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്. നാടകപരിശീലന സംഘത്തിലെ യുവാവും പെണ്‍കുട്ടിയും കണ്ടല്‍ക്കാടുകളില്‍ പക്ഷിനിരീക്ഷണത്തിന് എത്തിയത് ചോദ്യംചെയ്തതാണ് തര്‍ക്കത്തിലും മര്‍ദനത്തിലും കലാശിച്ചത്. യുവാവിനെയും പെണ്‍കുട്ടിയെയും ചോദ്യം ചെയ്യുകയും ഇവര്‍ വന്ന ബൈക്ക് തള്ളിയിടുകയും ചെയ്തു. വടിയും മറ്റുമായാണ് എട്ടംഗ സംഘമെത്തിയതെന്നും പറയുന്നു. വിവരമറിഞ്ഞ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. 

അഭിജിത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ അഞ്ചുപേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. കുഞ്ഞിമംഗലം സ്വദേശികളായ എം.പി.മനോഹരന്‍, സി.പവിത്രന്‍, എ.വി.ആകാശ്, പി.സി.മനോജ്, എം.സതീശന്‍ എന്നിവരാണ് പിടിയിലായത്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.