കൊച്ചിയില്‍ കഞ്ചാവടിച്ച് അതിക്രമം; പ്രതികളുമായി തെളിവെടുത്തു

കൊച്ചിയില്‍ കഞ്ചാവടിച്ച് അതിക്രമം കാണിച്ച കേസിലെ പ്രതികളെ മറൈന്‍ ഡ്രൈവിലെത്തിച്ച് തെളിവെടുത്തു. വധഭീഷണിക്കും, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

മറൈന്‍ഡ്രൈവിലെ ചെറുകിട കച്ചവടസ്ഥാപനങ്ങളോട് ചേര്‍ന്നുള്ള നടപ്പാതയില്‍ പ്രതികളെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. മട്ടാഞ്ചേരിക്കാരനായ അല്‍ത്താഫ്, മുളവുകാട് സ്വദേശി ബ്രയന്‍ ആദം, എളംകുളം സ്വദേശി വിശാല്‍ ബോബന്‍ എന്നിവരാണ് ഇന്നലെ നടപ്പാതയില്‍ ആക്രമണം നടത്തിയത്. ആക്രമണത്തെക്കുറിച്ചും സാഹചര്യങ്ങളും പ്രതികള്‍ വിവരിച്ചു. കഞ്ചാവടിച്ച് നിലവിട്ടവര്‍ വഴിയാത്രക്കാരെയടക്കം ആക്രമിച്ചതോടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഫ്ളൈയിങ് സ്ക്വാഡിലെ എ.എസ്.െഎ സുധീര്‍ അടക്കമുള്ള പൊലീസുകാര്‍ യുവാക്കളെ നേരിട്ടു. യുവാക്കളെ പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ കത്തികാട്ടിയും കുപ്പി തല്ലിപ്പൊട്ടിച്ചും ഭീഷണിപ്പെടുത്തി. സമീപത്തെ കടയിലെ ചില്ലുകുപ്പികള്‍ തല്ലിത്തകര്‍ത്തുള്ള ആക്രമണത്തില്‍ കടയിലെ ജീവനക്കാര്‍ക്കും ചെറിയ പരുക്കേറ്റു. പത്തൊമ്പതുവയസു പിന്നിട്ട മൂന്നുപേരെയും എറണാകുളം സെന്‍ട്രല്‍‍ സ്റ്റേഷനില്‍ എത്തിച്ചപ്പോഴും കഞ്ചാവ് ലഹരിയിലായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.