ഇരിട്ടിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം: അന്വേഷണം

കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ ടൗണില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം. എടിഎം കൗണ്ടറിന്റെയും, അക്ഷയ കേന്ദ്രത്തിന്റെയും, ജനകീയവായനശാലയുടേയും ചില്ലുകള്‍ തകര്‍ത്തു. തൊട്ടടുത്ത പുലിക്കാട് ടൗണിൽ നിർത്തിയിട്ട ഒൻപത് മിനി ലോറികളുടെയും ചില്ലുകള്‍ എറിഞ്ഞു തകർത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.  

ഒരു കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു അക്രമങ്ങള്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമെന്നാണ് സൂചന. പ്രഭാതസവാരിക്കിറങ്ങിയവരാണ് വിവരം ആദ്യമറിഞ്ഞത്. പടിയൂർ ടൗണിലെ കേരള ഗ്രാമീൺ ബാങ്ക് എടിഎം കൗണ്ടറിന്റെ ഗ്ലാസുകളാണ് തകർത്തത്. പഞ്ചായത്ത് ഓഫീസിനു മുൻപിലുള്ള അക്ഷയ കേന്ദ്രത്തിനും നേരെയും ആക്രമണമുണ്ടായി. പടിയൂര്‍ പൊതുജന വായനശാലയുടെ ജനല്‍ ഗ്ലാസുകളും എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. ഒരു കിലോമീറ്റര്‍ അകലെ പുലിക്കാട് ടൗണില്‍ നിര്‍ത്തിയിരുന്ന ചെങ്കൽ കയറ്റിയ 9 മിനി ലോറികളുടെ മുൻഭാഗത്തെ ഗ്ലാസുകളും എറിഞ്ഞു തകര്‍ത്തു. 

കരുതിക്കൂട്ടി ഒരു സംഘം നടത്തിയ അക്രമമെന്ന നിഗമനത്തിലാണ് പൊലീസ്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കല്ലെറില്‍ ചില്ല് തകരുന്ന ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു.