ലോട്ടറി ടിക്കറ്റ് മോഷണം; സംഘം പിടിയിൽ; പരോളില്‍ മോഷണം പതിവുരീതി

മലപ്പുറം പെരിന്തല്‍മണ്ണയില്‍ സംസ്ഥാനാന്തര മോഷണ സംഘത്തിലെ രണ്ടു പേര്‍ പൊലീസ് പിടിയിലായി. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ അടുത്ത കാലത്തു നടന്ന ഒട്ടേറെ കവര്‍ച്ചകളെക്കുറിച്ച് പ്രതികളില്‍ നിന്ന് വിവരം ലഭിച്ചു.

കോതമംഗലം നെല്ലിക്കുഴി സ്വദേശി തേലക്കാട്ട് വീട്ടില്‍ ഷാജഹാന്‍, ചെര്‍പ്പുളശേരി കാറല്‍മണ്ണ കൈതമ്മല്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി ടൗണിലെ ലോട്ടറിക്കടയുടെ പൂട്ടു പൊളിച്ച് അകത്തു കടന്ന് രണ്ടു ലക്ഷം രൂപയും ലോട്ടറി ടിക്കറ്റ് കെട്ടുകളും മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. മൊബൈല്‍ ടവറുകളില്‍ നടത്തിയ ഒട്ടേറെ മോഷണങ്ങള്‍ക്കും പ്രതികളുടെ അറസ്റ്റോടെ തുമ്പു ലഭിച്ചു. പല സ്ഥലങ്ങളില്‍ നിന്നും മൊബൈല്‍ ടവറുകളില്‍ ഉപയോഗിക്കുന്ന വലിയ ബാറ്ററികളും കേബിളുകളും മോഷ്ടിച്ചതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

പല മോഷണക്കേസുകളിലായി ഇരുപ്രതികളും മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പരോളില്‍ പുറത്തിറങ്ങിയാല്‍ വീണ്ടും മോഷണം നടത്തുകയാണ് പതിവുരീതി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നുണ്ട്.