ഇടപാടുകാർ സ്കൂള്‍ വിദ്യാര്‍ഥികൾ; എംഡിഎംഎയുമായി യുവാവ് പിടിയിൽ

മാരകമായ എംഡിഎംഎ ലഹരിമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമന്തളി സ്വദേശി ഹംസാസ് ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് മൂന്നുഗ്രാം എംഡിഎംഎയും എക്സൈസ് പിടിച്ചെടുത്തു. 

തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയിലെ കണ്ണിയാണ് ഹംസാസ്. പ്രദേശത്തെ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ ലഹരിമരുന്ന് എത്തിച്ച് നല്‍കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സിഐ വി.വി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹംസാസിനെ അറസ്റ്റ് ചെയ്തത്. വിപണിയില്‍ അന്‍പതിനായിരം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

ബംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഹംസാസ് വ്യക്തമാക്കി. വാങ്ങുന്നതിന്റെ നാലിരട്ടി വിലയക്കാണ് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് വില്‍പന നടത്തുന്നത്. പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ് ഹംസാസ്. കഞ്ചാവുള്‍പ്പെടെയുള്ള മറ്റു ലഹരിമരുന്നുകളെ അപേക്ഷിച്ച് ലഹരി കൂടുതലാണെന്നതാണ് യുവാക്കളെ എംഡിഎംഎയിലേയേ്ക്ക് ആകര്‍ഷിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 

സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു ഹംസാസിന്റെ ഇടപാടുകാരില്‍ ഏറിയ പങ്കും. പ്രതിയുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഉത്തരകേരളത്തിലെ ലഹരി മാഫിയയെക്കുറിച്ചുള്ള നിര്‍ണയക വിവരങ്ങള്‍ ഹംസാസില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.