തനിക്ക് ചിലത് പറയാനുണ്ടെന്ന് ജോളി; പ്രതികരണം ജയിലിലേക്ക് മടങ്ങുന്നതിനി‌ടെ

തനിക്ക് ചിലത് പറയാനുണ്ടെന്ന് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. സമയമാകട്ടെയെന്നും തന്റെ അഭിഭാഷകന്‍ ആളൂർവരുമ്പോള്‍ പ്രതികരിക്കുമെന്നും ജോളി പറഞ്ഞു. സിലിക്കേസില്‍ റിമാന്‍ഡ് കാലാവധി നീട്ടിയതിന് പിന്നാലെ താമരശ്ശേരി കോടതിയില്‍ നിന്ന് ജയിലിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ജോളിയുടെ പ്രതികരണം. കൂടത്തായി കൂട്ടക്കൊല പ്രമേയമായ സിനിമ സീരിയല്‍ ചിത്രീകരണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. 

സിലിക്കേസിലാണ് ജോളിയുടെ രണ്ടാം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കേസില്‍ ജോളിയുടെ റിമാന്‍ഡ് കാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. ജോളിയുടെ അഭിഭാഷകന്‍ കോടതിയിലെത്തിയിരുന്നെങ്കിലും ജാമ്യാപേക്ഷ നല്‍കിയില്ല. സിലിക്കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ സി.ഐയുടെ നേതൃത്വത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതില്‍ ജോളി ഒന്നാം പ്രതിയായ കുറ്റപത്രം ഈമാസം ഒന്നിന് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടത്തായി ജോളിയുടെ മക്കളുടെ പരാതിയിലാണ് താമരശ്ശേരി മുന്‍സിഫ് കോടതി എതിര്‍കക്ഷികള്‍ക്ക് വീണ്ടും നോട്ടീസയച്ചത്. ഈമാസം ഇരുപത്തി അഞ്ചിന് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ജോളി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സീരിയല്‍ സംവിധായകന്‍ ഗിരീഷ് കോന്നി എന്നിവരടക്കം എട്ടുപേരാണ് എതിര്‍കക്ഷികള്‍. ജോളിയുടെ അഭിഭാഷകന്‍ നോട്ടീസ് കൈപ്പറ്റിയെങ്കിലും വിശദമായ വാദത്തിന് സമയം ആവശ്യപ്പെടുകയായിരുന്നു. ഇരുപത്തി അഞ്ചിന് സമയം അനുവദിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ ജോളിയുടെ മൂന്ന് സഹോദരങ്ങളില്‍ നിന്നും സഹോദരി ഭര്‍ത്താവില്‍ നിന്നും  കൊയിലാണ്ടി പൊലീസ് കൂടുതല്‍ മൊഴി ശേഖരിച്ചിട്ടുണ്ട്.