കഞ്ചാവ് കടത്തിയ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

കഞ്ചാവ് കടത്തിയ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്. രണ്ടു വര്‍ഷം മുന്‍പ് പാലക്കാട് ഒറ്റപ്പാലത്ത് ഇരുപതു കിലോ കഞ്ചാവുമായി യാത്ര ചെയ്ത കാജാഹുസൈനെയാണ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കണമെന്ന് പാലക്കാട് കോടതി ശിക്ഷ വിധിച്ചു. 

2017 ഒക്ടോബര്‍ 23 ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഒറ്റപ്പാലം കണ്ണിയംപുറത്ത് വാടകയ്ക്കു താമസിച്ചിരുന്ന പാലക്കാട് കല്ലേപ്പുള്ളി ചുങ്കം മിൽമാറോഡിലെ കാജാ ഹുസൈനെയാണ് കോടതി ശിക്ഷിച്ചത്. 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ അടച്ചില്ലെങ്കിൽ പ്രതി രണ്ടു വർഷം കൂടി തടവു അനുഭവിക്കണമെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് രണ്ടാം കോടതി ശിക്ഷവിധിച്ചു. കോയമ്പത്തൂരിൽ നിന്ന് ട്രെയിനില്‍ കൊണ്ടു വന്ന 20 കിലോ കഞ്ചാവുമായി പ്രതി പാലപ്പുറം റെയിൽവേ സ്റ്റേഷനില്‍ ഇറങ്ങുകയും ഇവിടെ നിന്ന് ഇരുചക്രവാഹനത്തില്‍ കണ്ണിയംപുറത്തെ വാടകവീട്ടിലേക്ക് പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. കേസ്സിന്റെ കുറ്റപത്രം 65-ാം ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥുടെ കൃത്യമായ അന്വേഷണവും തെളിവുകളും പ്രതിയുടെ ശിക്ഷ ഉറപ്പാക്കി. വാഹന മോഷണം ഉൾപ്പെടെ 18 കേസുകളിൽ പ്രതിയാണ് കാജാ ഹുസൈൻ. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്.