ചാലക്കുടിയിൽ എടിഎം കൊള്ളയടിക്കാൻ ശ്രമം; തുറക്കാനായില്ല

ചാലക്കുടി സൗത്ത് ജംക്ഷനില്‍ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം. ആക്സിസ് ബാങ്കിന്‍റെ എ.ടി.എം കുത്തിതുറക്കാനുള്ള ശ്രമം വിഫലമായി. ചാലക്കുടി ദേശീയപാതയുടെ അരികിലുള്ള ഈ എ.ടി.എമ്മില്‍ അര്‍ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമം അരങ്ങേറിയത്. രാത്രിയിലും ആള്‍സഞ്ചാരമുള്ള പ്രദേശമാണിത്. എന്നിട്ടും, കവര്‍ച്ചാ സംഘം ഇവിടെ ശ്രമം നടത്തിയതാണ് പൊലീസിനെ ഞെട്ടിച്ചത്. പണമടങ്ങിയ ഭാഗം തുറക്കാന്‍ മോഷ്ടാക്കള്‍ക്കു കഴിഞ്ഞിട്ടില്ല.

അഞ്ചു ലക്ഷം രൂപയോളം എ.ടി.എമ്മിലുണ്ടായിരുന്നു. എ.ടി.എം. കൗണ്ടറിന് കാവല്‍ക്കാര്‍ ഇല്ലായിരുന്നു. പുറത്ത് സി.സിടിവി കാമറകളും ഇല്ല. എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം നടന്ന വിവരം ബാങ്കിന്‍റെ കേന്ദ്രീകൃത സംവിധാനത്തില്‍ അറിഞ്ഞിട്ടില്ല. പരിസരത്തെ കടകള്‍ക്കു മുമ്പിലെ സിസിടിവികള്‍ പരിശോധിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ എ.ടി.എമ്മില്‍ പോകുന്ന ഇടപാടുകാര്‍ ഭീതിയിലാണ്. മോഷ്ടാക്കള്‍ ഉള്ളസമയത്ത് പിന്‍വലിക്കാന്‍ വന്നാല്‍ ആക്രമിക്കുമോയെന്നാണ് ഇടപാടുകാരുടെ ഭയം.

കൊരട്ടിയിലെ എ.ടി.എം. പണം നേരത്തെ കൊള്ളയടിച്ചിരുന്നു. ആ സംഘത്തെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. തൃശൂര്‍ കൊണ്ടാഴി പാറമേല്‍ പടിയില്‍ കഴിഞ്ഞയാഴ്ച എ.ടി.എം. കുത്തിതുറക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ മോഷ്ടാക്കളേയും പൊലീസ് പിടികൂടിയിരുന്നു. എ.ടി.എം. കൊള്ളക്കാര്‍ വീണ്ടും ഇറങ്ങുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്.