എക്സൈസ് സംഘത്തെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർക്ക് പരുക്ക്

ഇടുക്കി നെടുങ്കണ്ടം മേഖലയില്‍ അനധികൃത മദ്യവില്‍പന നടത്തിയിരുന്ന വാഹനത്തെ പിന്തുടർന്ന എക്സൈസ് സംഘത്തെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. ഉടുമ്പൻചോല എക്സൈസ് റേഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയ പ്രതികള്‍ ഒാടിരക്ഷപെട്ടു.

പുറ്റടി വറുതാമുക്ക് കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപനയെന്നും, അനധികൃത വിദേശമദ്യം ഓട്ടോറിക്ഷയിൽ കടത്തുന്നതായും  ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിതിരുന്നു. ഇതിനെ തുടർന്നു രാത്രി 9 നു എക്സൈസ് ഉദ്യോഗസ്ഥർ 2 ബൈക്കുകളിലായി വറുതാമുക്കിലെത്തി. എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവും പിന്നാലെയുണ്ടായിരുന്നു. ഇതിനിടെ വിദേശമദ്യം കയറ്റിയ ഓട്ടോറിക്ഷ റോഡരുകിൽ നിർത്തി മദ്യം വിൽപന നടത്തുന്നത് ബൈക്കിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി. എക്സൈസ് പ്രതികളെ പിടികൂടുന്നതിനായി എത്തിയപ്പോൾ ഓട്ടോറിക്ഷ അമിത വേഗതയിൽ ഓടിച്ച് ബൈക്കിൽ എത്തിയ 2 എക്സൈസ് ഉദ്യോഗസ്ഥരയും ഇടിച്ചു വീഴ്ത്തി. ബൈക്കിൽ നിന്നും റോഡിലേക്കു തെറിച്ചു വീണ 2 പേർക്കും ഗുരുതരമായി പരുക്കേറ്റു.

സംഘർഷത്തിനിടെ രണ്ടര ലീറ്റർ വിദേശ മദ്യം ഓട്ടോറിക്ഷയിൽ നിന്നും കണ്ടെത്തി. 3 പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

വണ്ടൻമേട് പൊലീസും, നാട്ടുകാരും ചേർന്നു പരുക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ പുറ്റടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് നെടുങ്കണ്ടം താലുക്ക് ആശുപത്രിയിലും എത്തിച്ചു.  വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.