എബിവിപിയുടെ കൊടിമരം തകർത്തു; ബ്രണ്ണൻ കോളജിലെ 7 എസ്.എഫ്.ഐകാർക്ക് സസ്പെൻഷൻ

ആയുധങ്ങളുമായി ക്യാംപസിലെത്തി എബിവിപിയുടെ കൊടിമരം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ തലശേരി ബ്രണ്ണൻ കോളജിലെ ഏഴ് എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. ഇതോടെ മൂന്ന് ദിവസമായി കോളജിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം എ.ബി.വി.പി അവസാനിപ്പിച്ചു. 

ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ കോളജ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഫൽഗുണൻ സമരപന്തലിലെത്തി എസ്.എഫ്.ഐ പ്രവർത്തകരെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചത്. തുടർന്ന് മൂന്ന് ദിവസമായി എബിവിപി സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമൻ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കോളജിന്റെ അച്ചടക്ക സമിതി യോഗം ചേർന്നാണ് ക്യാംപസിൽ ആയുധങ്ങളുമായി പ്രവേശിച്ചെന്ന കാരണത്താൽ എസ്.എഫ് ഐ പ്രവർത്തകരായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.