നിരവധി കൊലപാതകക്കേസുകളില്‍ പ്രതി; വെടിവച്ചുവീഴ്ത്തി പൊലീസ്

ചെന്നൈയില്‍ ഇടവേളയ്ക്കു ശേഷം വീണ്ടു പൊലീസിന്റെ ഗുണ്ടാവേട്ട. നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ ഒരാള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വില്ലുപുരം സ്വദേശി മണികണ്ഠനാണ് മരിച്ചത്. നാലുമാസത്തിനിടെ രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്.

നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന  കൊരട്ടൂര്‍ മേഖലയില്‍ ഇന്നലെ രാത്രിയാണ്  എന്‍കൗണ്ടറുണ്ടായത്. വില്ലുപുരം  പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ മണികണ്ഠനാണ് കൊല്ലപെട്ടത്. 2018 ല്‍ റിലയന്‍സ് ബാബുവെന്ന ബിസിനസുകാരനെ തട്ടികൊണ്ടുപോയി കൊലപെടുത്തിയ കേസന്വേഷണത്തിന്റെ ഭാഗമായാണ് വില്ലുപുരം പൊലീസ് കൊരട്ടൂരിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മണികണ്ഠന്‍ പൊലീസിനു നേരെ വടിവാള്‍ വീശി. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന  എസ്.ഐ വെടിവെയ്ക്കുകയായിരുന്നു. കാലിലും നെഞ്ചിലും വെടിയേറ്റ മണികണ്ഠനെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇരുപതു ലക്ഷം രൂപ ആവശ്യപ്പെട്ടാണു റിലയന്‍സ് ബാബുവിനെ തട്ടികൊണ്ടുപോകുകയത്. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് നാടന്‍ ബോംബെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും പിന്നീട് ജീവനോടെ കെട്ടിതൂക്കുകയുമായിരുന്നു. കേസില്‍ അന്വേഷണം ശക്തമായതോടെ വിദേശത്തേക്കു കടക്കാന്‍ മണികണ്ഠന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധനയും വെടിവെയ്പ്പും. വില്ലുപുരത്ത് ഭൂമി തട്ടിയെടുക്കാനായി വിദേശ ദമ്പതികളെ കൊലപെടുത്തിയ കേസിലും മണികണ്ഠന്‍ പ്രതിയാണ്.

ഇതടക്കം  കൊലപാതകം , കൊലപാതക ശ്രമം തുടങ്ങി 28 കേസുകള്‍ ഇയാള്‍ക്കെതിരെയുള്ളതായി പൊലീസ് അറിയിച്ചു. അതിനിടെ ഭാര്യയും കുട്ടികളുമായി താമസിക്കുന്ന സ്ഥലലത്ത് വച്ചു പൊലീസിനെ ആക്രമിച്ചുവന്നത് അവിശ്വസനീയമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. നാലുമാസത്തിനിടെ രണ്ടാമത്തെ ഗുണ്ടയെയാണ് നഗരത്തില്‍ വച്ചു പൊലീസ് വെടിവച്ചുവീഴ്ത്തുന്നത്.  കഴിഞ്ഞ ജൂണില്‍  വ്യാസര്‍പടി മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം വച്ചു  പൗണ്‍രാജെന്നയാളെയും പൊലീസ് സമാനരീതിയില്‍ വെടിവച്ചുകൊന്നിരുന്നു