റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് മോഷണം; ബുള്ളറ്റും പണവും നഷ്ടമായി

കോഴിക്കോട് നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് യുവാവ് ബുള്ളറ്റും പണവും മോഷ്്ടിച്ചു. ആദ്യ വില്‍പനയ്ക്കെത്തിച്ച ബുള്ളറ്റാണ് നഷ്ടമായത്. പുലര്‍ച്ചെ ഷോറൂമിന്റെ കതക് കുത്തിപ്പൊളിച്ച് അകത്ത് കയറി നടത്തിയ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഫ്രാന്‍സിസ് റോഡിലുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് എത്തിയ മോഷ്ടാവ് മുന്‍വശത്തെ ഗ്ലാസ് കതക് തകര്‍ത്താണ് അകത്ത് കയറിയത്. ആദ്യം പുതിയൊരു ബാഗ് കൈക്കിലാക്കി. തുടര്‍ന്ന് മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷത്തി അറുപതിനായിരം ബാഗിലാക്കി. ഷോറൂമിനുള്ളിലൂടെ നടന്ന് ആവശ്യമുള്ള സാധനങ്ങളെല്ലാം ശേഖരിച്ചു. ഇട്ടിരുന്ന ബനിയന്‍ ഉപേക്ഷിച്ച് പുതിയത് ധരിച്ചു. ഷൂവും ഗ്ലൗസും എടുത്ത് തിരിച്ചിറങ്ങുന്ന വഴി പുതിയൊരു ബുള്ളറ്റും എടുത്തുകൊണ്ടാണ് പോയത്. ഒരുലക്ഷത്തി ഏഴുപത്തിമൂവായിരം രൂപയുടെ ബുള്ളറ്റാണ് നഷ്ടമായത്. 

പ്രതിക്കുവേണ്ടിയുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.