എട്ടു വയസുകാരിയുടെ ദുരൂഹ മരണം; അന്വേഷണം ഊർജിതമാക്കി

മൂന്നാർ ഗുണ്ടുമലയിൽ എട്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി പൊലീസ്. കേസുമായി ബന്ധപ്പെട്ട് നൂറോളം പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തത് തിരിച്ചടിയാണെങ്കിലും  അന്വേഷണം പുരോഗമിക്കുകയാണ്.

ഗുണ്ടുമലയിലെ എട്ടു വയസുകാരി മരണപ്പെട്ട സംഭവത്തിൽ സാഹചര്യത്തെളിവുകളിൽ ഊന്നിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികളിലുള്ള വൈരുധ്യം പൊലീസ് വിശദമായി പരിശോധിച്ചു വരുന്നുണ്ട്. ഇത് കേസിൽ  നിർണായകമായെക്കും. ബന്ധുക്കൾ  നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷണം സഘം വിശദമായി പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിലെക്ക് നയിക്കുന്ന സൂചനകൾ ലഭിച്ചിട്ടുണ്ടന്നും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു. 

സംഭവ ദിവസം പുറത്തു നിന്ന് ആരെങ്കിലും എസ്റ്റേറ്റിനുള്ളിൽ എത്തിയിരുന്നോ എന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എസ്റ്റേറ്റിൽ അത്തരത്തിൽ ഒരാൾ എത്താത്ത സാഹചര്യത്തിൽ മരിച്ച കുട്ടിയുടെ അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും നീക്കങ്ങൾ രഹസ്യമായി വീക്ഷിച്ചു വരുന്നു.

മൂന്നാറിൽ നിന്ന് 32 കിലോമീറ്റർ അകലെ ഒറ്റപ്പെട്ട പ്രദേശമായ  ഗുണ്ടുമല അപ്പർ ഡിവിഷനിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. ഡി.വൈ.എസ്.പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സി.ഐ. മാരും പതിനാല്  പൊലീസ് ഉദ്യോഗസ്ഥരും,  സൈബർ സെല്ലും  അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.