ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പാത്രം വഴിയരികിൽ; ഫൊറൻസിക് പരിശോധന നടത്തും

പാലക്കാട് മലപ്പുറം ജില്ലകളുടെ അതിർത്തിയായ നീലിയാട് നെല്ലേക്കാടിൽ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സ്റ്റീൽപാത്രം ലഭിച്ചു. പൊലീസും ബോംബ് സ്ക്വാഡും  നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുവല്ലെന്ന് സ്ഥീരികരിച്ചു

നീലിയാട് നെല്ലേക്കാടിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇടവഴിയിൽ സ്റ്റീൽ പാത്രം നാട്ടുകാർ കാണുന്നത്. ഇതോടെ സാമൂഹീകമാധ്യമങ്ങളില്‍ ബോംബ് ആണെന്നും അല്ലെന്നും വ്യാപക പ്രചാരണമുണ്ടായി. തുടർന്ന് പ്രദേശവാസികൾ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.

എസ്െഎയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളല്ലെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്ക്വാഡിന്റെ പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ സ്റ്റീല്‍പാത്രം എങ്ങനെ ഇവിടെത്തിയെന്ന് വ്യക്തമല്ല. ഫൊറന്‍സിക് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.