മുക്കുപണ്ടം വിറ്റ് പണത്തട്ടിപ്പ്; ഡൽഹി സ്വദേശി കോഴിക്കോട് പിടിയില്‍

മുക്കുപണ്ടം വിറ്റ് പണം തട്ടുന്നയാള്‍ കോഴിക്കോട് പിടിയില്‍. ഡല്‍ഹി സ്വദേശി മുസ്‍ലിം ആണ് പിടിയിലായത്. മലബാറില്‍ വ്യാപകമായി ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് സംശയം. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

ഇയാളാണ് ആ തട്ടിപ്പ് വീരന്‍. പേര് മുസ്്ലിം. ഡല്‍ഹി സ്വദേശിയാണ്. വെള്ളിയാഴ്ച്ചയാണ് ഇയാള്‍ സ്വര്‍ണ മോതിരവുമായി ജ്വല്ലറിക്കാരെ സമീപിച്ചത്. ഡല്‍ഹിയില്‍ നിന്ന് ചരക്കുമായി വന്ന ലോറി തകരാറിലായെന്നും മോതിരം വിറ്റാല്‍ മാത്രമേ തകരാര്‍ പരിഹരിച്ച് പോകാന്‍ കഴിയൂ എന്നും അറിയിച്ചു. സ്വര്‍ണമാണെന്ന് കരുതി പണം നല്‍കി. ഉരച്ചുനോക്കിയപ്പോഴാണ് സ്വര്‍ണം പൂശിയതാണെന്ന് മനസിലായത്. 

ഉടന്‍ വിവരം പൊലിസില്‍ അറിയിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഈ വിവരം മറ്റു സ്വര്‍ണ വ്യാപാരികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ വഴി കൈമാറി. ഇതറിയാതെ ശനിയാഴ്ച്ച രാത്രിയും ഇതേ രീതിയില്‍ തട്ടിപ്പ് നടത്താനായി മുസ്‍ലിം മറ്റൊരു കടയിലെത്തി. കഴിഞ്ഞ ദിവസം തട്ടിപ്പ് നടത്തിയ അതേ ആളാണ് വീണ്ടും എത്തിയതെന്ന് മനസിലാക്കി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. 

കുറ്റ്യാടിയില്‍ മാത്രമല്ല, വയനാട്ടിലെ മാനന്തവാടിയിലും മലപ്പുറത്തും പല തവണ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലിസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.