സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിൽ

ഇടുക്കി ചതുരംഗപ്പാറയിലെ  പാറമടയില്‍ നിന്ന്  സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. പാറമടയിലെ ജീവനക്കാരനടക്കമുള്ള സംഘമാണ് പിടിയിലായത്. ഡിറ്റണേറ്ററും ജലാറ്റിന്‍ സ്റ്റിക്കുമുൾപ്പടെയുള്ള  സ്‌ഫോടക വസ്തുക്കളാണ് മോഷണം പോയത്. 

നെടുങ്കണ്ടം സന്യാസിയോട ആദിയാര്‍ പുരം സ്വദേശി ചേരിക്കല്‍ രതീഷ്, പനക്കസിറ്റി പുത്തന്‍പുരയ്ക്കല്‍ സതീഷ്, കോഴിക്കോട് സ്വദേശി വിശനാഥന്‍, തൂക്കുപാലം സ്വദേശി  ഭദ്രന്‍, ബാലഗ്രാം പുത്തന്‍പുരയ്ക്കല്‍ ശശിധരന്‍ എന്നിവരാണ് പിടിയിലായത്. ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമടയില്‍ നിന്നും ഡോഡൗിന്റെ പൂട്ട് തകര്ത്ത് സംഘം സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിടിയ്ക്കുകയായിരുന്നു. 800 ജലാറ്റിന്‍സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളുമാണ് മോഷണം പോയത്.  

രാത്രി ജീപ്പില്‍ എത്തിയ സംഘം ഗോഡൗണില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കടത്തുകയായിരുന്നു. ചതുരംഗപ്പാറയിലെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാവുന്നത്. രാത്രിയിലെ അവ്യക്തമായ ദൃശ്യത്തില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. മോഷണംപോയ 55 കിലോ സ്‌ഫോടക വസ്തുക്കളും 600 ഡിറ്റനേറ്ററുകളും കണ്ടെടുത്തു. ബാക്കിയുള്ളവ പ്രതികള്‍ ചില്ലറ വില്പ്പന നടത്തുകയും അനധികൃതമായി പാറപൊട്ടിയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തു. ഇവര്‍ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയില്‍ എടുത്തു.  മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാര്‍, ഉടുമ്പന്‍ചോല സിഐ അനില്‍ ജോര്‍ജ്. എസ് ഐ ജോബി തോമസ്,  എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.