വീട്ടിലേക്ക് മലിനജലം ഒഴുക്കി; വീട്ടമ്മയെ ഭർതൃസഹോദരൻ മണ്ണണ്ണയൊഴിച്ച് തീ കൊളുത്തി

വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ ഭർതൃസഹോദരനു ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചാൽ മരിച്ച ഐഷമ്മയുടെ മക്കൾക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവായി. പുളിങ്കുന്ന് 11–ാം വാർഡി‍ൽ മറ്റക്കാട്ട് വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ ഐഷമ്മയെ (54) കൊലപ്പെടുത്തിയ കേസിലാണ് സമീപ വീട്ടിൽ താമസിക്കുന്ന ഭർതൃസഹോദരൻ പി.കുഞ്ഞുമോനെ (64) ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി എ. ഇജാസ് ശിക്ഷിച്ചത്. 

ഐഷമ്മയുടെ വീട്ടിലേക്കു കുഞ്ഞുമോന്റെ വീട്ടിൽ നിന്നു മലിനജലം ഒഴുക്കിയതു സംബന്ധിച്ച വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2010 ജനുവരി 10ന് ആയിരുന്നു സംഭവം. പുലർച്ചെ വീടിനു പുറത്തിറങ്ങിയ ഐഷമ്മയെ പ്രതി പശുത്തൊഴുത്തിനോട് ചേർന്നുള്ള ഷെഡ്ഡിൽ കരുതിവച്ചിരുന്ന മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഐഷമ്മ ഓടി തോട്ടുകടവിൽ ചാടി. 

നാട്ടുകാർ രക്ഷപ്പെടുത്തി പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 13ന് ഐഷമ്മ മരിച്ചു.പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ.രമേശൻ ഹാജരായി.