ഹാഷിഷ് ഓയിലും കഞ്ചാവും കടത്താൻ ശ്രമം; കൊച്ചി സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് പതിനൊന്നരക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. ആന്ധ്രയില്‍ നിന്ന്  വിമാനത്താവളം വഴി മാലിയിലേക്ക് കടത്താനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് എക്സൈസ് സംഘം. ഹാഷിഷ് ഓയില്‍‍ കടത്ത് സംഘം വ്യാപകമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് പറഞ്ഞു.

പതിനൊന്നര കിലോ ഹാഷിഷ് ഓയിലും രണ്ടരക്കിലോ കഞ്ചാവും. ഇവയുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് കൊച്ചി സ്വദേശികളായ മനു വില്‍സണ്‍, അന്‍വര്‍ സാദത്ത്, രാജ് മോഹന്‍ എന്നിവര്‍ പിടിയിലായത്. കാറില്‍ നിന്ന് വാളും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നെത്തിച്ചതാണ് ലഹരിമരുന്നുകള്‍.  വിമാനത്താവളത്തില്‍ കാത്ത് നിന്ന് പ്രധാന ഏജന്റിന് കൈമാറി മാലിദ്വീപിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം.

തിരുവനന്തപുരത്ത്  ഒരു വര്‍ഷത്തിനിടെ പിടികൂടിയത് 70 കോടിയിലേറെ വിലമതിക്കുന്ന 55 കിലോ ഹാഷിഷ് ഓയിലാണ്.  33 ലക്ഷം രൂപയുടെ കഞ്ചാവും പിടികൂടിയിട്ടുണ്ട്. ആന്ധ്രയിലും കേരളത്തിലുമായി വ്യാപിച്ച് കിടക്കുന്ന സംഘമാണ് ഈ കടത്തുകള്‍ക്കെല്ലാം പിന്നിെലന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍.

ആന്ധ്രയിലിപ്പോള്‍ വിളവെടുപ്പ് സീസണായതിനാല്‍ ഇനിയും ലഹരികടത്ത് വര്‍ധിച്ചേക്കുമെന്നും കരുതുന്നു.