സാന്റ് ബാങ്ക്സില്‍ സാമൂഹ്യവിരുദ്ധ ശല്യം; ഒന്നും ചെയ്യാനാകാതെ പൊലീസ്

കോഴിക്കോട് വടകര സാന്റ് ബാങ്ക്സ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. തുടര്‍ച്ചയായി രാത്രിയുടെ മറവില്‍ നിര്‍മാണങ്ങളുള്‍പ്പെടെ തകര്‍ക്കുന്ന അവസ്ഥയുണ്ട്. ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ പൊലീസിനും കഴിയുന്നില്ലെന്നാണ് പരാതി. 

അവധിക്കാലമായതിനാല്‍ ഏറെ സ‍ഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ തകര്‍ക്കുന്ന മട്ടിലാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ഭക്ഷണശാലയിലെ ടൈല്‍സും ശുചിമുറിയിലെ സൗകര്യങ്ങളും തകര്‍ത്തു.

കടലില്‍ അപകടമേഖലയെന്നറിയിച്ച് കെട്ടിയിരുന്ന വടവും മുന്നറിയിപ്പ് ബോര്‍‍ഡുകളും നശിപ്പിച്ചു. സഞ്ചാരികള്‍ക്കായി അടുത്തിടെ പണിതീര്‍ത്ത കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും കേടുവരുത്തി. തീരദേശ പൊലീസ് സ്റ്റേഷന്‍ സാന്റ് ബാങ്ക്സില്‍ തന്നെയുണ്ട്. എന്നാല്‍ പൊലീസുകാരുടെ മുന്നിലും അതിക്രമങ്ങള്‍ തുടരുകയാണ്. 

ലഹരി ഉപയോഗിക്കുന്നതിനായി രാത്രികാലങ്ങളിലെത്തുന്ന യുവാക്കളാണ് ഇതിന് പിന്നിലെന്നാണ് പരാതി. സാന്റ് ബാങ്ക്സില്‍ ഇപ്പോള്‍ രണ്ട് ഗാര്‍ഡുകളുണ്ട്. വൈകുന്നേരങ്ങളില്‍ എത്തുന്ന നൂറുകണക്കിന് ആളുകളുടെ വാഹന പാര്‍ക്കിങിനും സുരക്ഷാ നിയന്ത്രണത്തിനും മാത്രമേ ഇവര്‍ക്ക് കഴിയുന്നുള്ളൂ.

കൂടുതല്‍ ഗാര്‍ഡുകളെ നിയോഗിക്കണമെന്ന ആവശ്യം ഏറെ നാളായുണ്ട്.  രാത്രികാലങ്ങളില്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.